ന്യൂഡൽഹി: പോസ്റ്റ് ഓഫീസിന്റെ (POSB) സേവിംഗ്സ് അക്കൗണ്ടുകളുടെ മിനിമം ബാലൻസ് പരിധി വർധിപ്പിച്ചു. ഈ തീരുമാനം ഡിസംബർ 12 മുതൽ പ്രാബല്യത്തിൽ വരും.
ഇതിന്റെ അടിസ്ഥാനത്തിൽ POSB ഉപഭോക്താക്കൾ സേവിംഗ്സ് അക്കൗണ്ടിൽ കുറഞ്ഞത് 500 രൂപ ബാലൻസ് സൂക്ഷിക്കേണ്ടതുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. ഇക്കാര്യം ട്വിറ്ററിലൂടെയാണ് അറിയിച്ചിരിക്കുന്നത്. മിനിമം ബാലൻസ് 500 രൂപ നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ്ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതുകൊണ്ട് മെയിന്റനൻസ് ചാർജ് ഒഴിവാക്കാൻ ഡിസംബർ 12 ഓടെ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകളിൽ കുറഞ്ഞത് 500 രൂപ ബാലൻസ് (Minimum balance) ഉണ്ടായിരിക്കേണ്ടതാണെന്ന് ഇന്ത്യ പോസ്റ്റ് സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്ക് അയച്ച സന്ദേശത്തിൽ പറഞ്ഞിട്ടുണ്ട്.
ഇന്ത്യാ പോസ്റ്റ് ഓഫീസിന്റെ (POSB) ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് സാമ്പത്തിക വർഷാവസാനം സേവിംഗ്സ് അക്കൗണ്ടിൽ മിനിമം 500 രൂപ നിലനിർത്തിയില്ലെങ്കിൽ 100 രൂപ അക്കൗണ്ട് മെയിന്റനൻസ് ഫീസായി കട്ട് ചെയ്യുകയും അതിന്റെ ഫലമായി നിങ്ങളുടെ അക്കൗണ്ട് യാന്ത്രികമായി ക്ലോസാകുകയും ചെയ്യും.
പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് (POSB) ഒരു മുതിർന്നയാൾക്ക് അല്ലെങ്കിൽ രണ്ട് മുതിർന്നവർക്ക് സംയുക്തമായി, അല്ലെങ്കിൽ പ്രായപൂർത്തിയാകാത്തയാൾക്ക് വേണ്ടി ഒരു രക്ഷാധികാരിയ്ക്ക് തുടങ്ങാം, അല്ലെങ്കിൽ ബുദ്ധിശൂന്യനായ ഒരു വ്യക്തിയുടെ പേരിൽ ഒരു രക്ഷാധികാരിയ്ക്ക് തുടങ്ങാം, 10 വയസ്സിനു മുകളിലുള്ള ഒരു മൈനറിനും സ്വന്തം പേരിൽ തുറക്കാൻ കഴിയും.
ഒരു വ്യക്തിക്ക് ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. കൂടാതെ പ്രായപൂർത്തിയാകാത്തവരുടെയോ അല്ലെങ്കിൽ ബുദ്ധിശൂന്യമായ വ്യക്തിയുടെയോ പേരിൽ ഒരു അക്കൗണ്ട് മാത്രമേ തുറക്കാൻ കഴിയൂ. പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കുന്ന സമയത്ത് നാമനിർദ്ദേശം നിർബന്ധമാണ്.
നിലവിൽ ഒരു വ്യക്തിക്കോ അല്ലെങ്കിൽ സംയുക്ത പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിനോ (Savings account) നൽകുന്ന പലിശ നിരക്ക് 4 ശതമാനമാണ്. മാസത്തിലെ 10 മുതൽ മാസാവസാനത്തിനുമിടയിലുള്ള ഏറ്റവും കുറഞ്ഞ ബാലൻസിന്റെ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്.
Also read: ഡിസംബർ 1 മുതൽ ഈ അഞ്ച് നിയമങ്ങൾ മാറ്റം വരും, ശ്രദ്ധിക്കുക..
പോസ്റ്റ് ഓഫീസ് വെബ്സൈറ്റ് അനുസരിച്ച് അക്കൗണ്ടിലെ ബാക്കി തുക പത്താം തീയതിയ്ക്കും അവസാന ദിവസത്തിനും ഇടയിൽ 500 രൂപയിൽ താഴെയാണെങ്കിൽ ആ മാസം പലിശ ലഭിക്കില്ലയെന്നാണ്.
ബാങ്കുകൾ പോലും മിനിമം ബാലൻസ് വേണ്ടെന്ന് വയ്ക്കുന്ന സമയത്താണ് പോസ്റ്റ് ഓഫീസ് ഈ നിയമം ഏർപ്പെടുത്തുന്നത്. ഗ്രാമീണ മേഖലയിൽ ഉൾപ്പെടെ നിരവധി പേരുടെ ആശ്രയമായ പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന്റെ (POSB) ഈ നിയമം സാധാരണ നിക്ഷേപകർക്ക് തരിച്ചടിയാകുമെന്ന കാര്യത്തിൽ സംശയമില്ല.