എന്‍ഐഎ നിയമഭേദഗതി ബില്‍ പാസാക്കി

ഭീകരവാദത്തെ മൊത്തത്തില്‍ തുടച്ചുനീക്കുമെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരെ മതം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി.   

Last Updated : Jul 16, 2019, 08:35 AM IST
എന്‍ഐഎ നിയമഭേദഗതി ബില്‍ പാസാക്കി

ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ഭേദഗതി ബില്‍ ലോക്സഭ പാസാക്കി. തീവ്രവാദത്തിനെതിരെ ശക്തമായി മുന്നോട്ടു പോകുക എന്ന ലക്ഷ്യത്തോടെയാണ് ഈ ബില്‍ മോദി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.

ഭീകരവാദത്തെ മൊത്തത്തില്‍ തുടച്ചുനീക്കുമെന്നും ഭീകര പ്രവർത്തനങ്ങൾക്കെതിരെ മതം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയിൽ വ്യക്തമാക്കി. 

ഈ ബില്‍ പാസായതോടെ വിദേശത്തുള്ള ഇന്ത്യക്കാര്‍ക്കും ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ഭീകരാക്രമണവും എന്‍ഐഎയ്ക്ക് അന്വേഷിക്കാം.

അതുപോലെ സൈബര്‍ കുറ്റകൃത്യങ്ങളും, മനുഷ്യക്കടത്തും, ആയുധകടത്തും അന്വേഷിക്കാനുള്ള അവകാശവും ഇന്ന് ലോക്സഭ പാസാക്കിയ ബില്‍ എന്‍ഐഎയ്ക്ക് നല്‍കുന്നു. 2008 നവംബറിൽ മുംബൈയിൽ നടന്ന തീവ്രവാദ ആക്രമണത്തിനു ശേഷമാണ് ദേശീയ അന്വേഷണ ഏജൻസി രൂപീകരിച്ചത്. 

പത്തുവർഷം കഴിയുമ്പോൾ പുതിയ വെല്ലുവിളികളെ നേരിടാൻ കഴിയുന്ന രീതിയിൽ നിയമ നിർമ്മാണം നടത്തണമെന്ന ആവശ്യം നേരത്തെ ഉയർന്നിരുന്നു.

സൈബർ മേഖലയിലും കടുത്ത വെല്ലുവിളികളുമായി തീവ്രവാദ ശക്തികൾ മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് കൂടുതൽ അധികാരം നൽകി എൻഐഎയെ ശക്തമാക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തത്.

ചര്‍ച്ചയ്ക്കിടെ അസദുദ്ദീന്‍ ഒവൈസി തര്‍ക്കവുമായി എണീറ്റപ്പോള്‍ തടസ്സപ്പെടുത്തരുതെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അമിത് ഷാ കൈചൂണ്ടി സംസാരിച്ചാല്‍ താന്‍ ഭയക്കില്ലെന്നു ഒവൈസി പ്രതികരിച്ചു. ഭീകരര്‍ക്ക്‌ ശക്തമായ സന്ദേശം നല്‍കാനാണ് ഈ നിയമഭേദഗതിയെന്ന്‍ അമിത് ഷാ വിശദീകരിച്ചു.

പ്രത്യേക മതത്തിലെ ആളുകള്‍ക്കെതിരെ എന്‍ഐഎയെ ഉപയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഭീകരവാദത്തെ മതം നോക്കാതെ നേരിടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി.

Trending News