ന്യൂഡല്‍ഹി: കര്‍ണാടക അതിര്‍ത്തി തുറന്നുനല്‍കണമെന്നുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ കര്‍ണ്ണാടക സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ നിര്‍ണ്ണായക നിരീക്ഷണം ...
കേരളത്തിന് അതിര്‍ത്തി തുറന്നു കൊടുക്കണമെന്നുള്ള ഹൈക്കോടതി വിധിയ്ക്ക് സ്‌റ്റേ ഇല്ല. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നതായിരുന്നു കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജിയിലെ മുഖ്യ ആവശ്യം.
രോഗികളെ കടത്തി വിടുന്നതിന് മാര്‍ഗ്ഗ രേഖ തയ്യാറാക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഈ മാര്‍ഗ്ഗരേഖ പരിഗണിച്ച ശേഷം ചൊവ്വാഴ്ച ഹര്‍ജിയില്‍ അന്തിമ വിധി പുറത്തു വരുമെന്നാണ് സൂചന.
കാസർഗോഡുനിന്ന് അടിയന്തര ചികിത്സാ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് അവിടേക്ക് പോകാനുള്ള നടപടിക്രമങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.
ഒപ്പം , രണ്ട് സംസ്ഥാനങ്ങളുടെയും ചീഫ് സെക്രട്ടറിമാരോട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം, കേരള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കാന്‍ ഇരു സംസ്ഥാനങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടില്ല.
രോഗികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനു മാത്രമാണ് ഈ ഉത്തരവ് ബാധകമെന്നും ചരക്കുനീക്കത്തിന് ഇത് ബാധകമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എല്‍.നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം, എന്തുകൊണ്ടാണ് കേരള ഹൈക്കോടതിയുടെ വിധി തങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകാത്തത് എന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ ധരിപ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ കൊറോണ ഹോട്ട് സ്പോട്ടുകളില്‍ ഒന്നാണ് കാസര്‍ഗോഡ് എന്നും കര്‍ണാടക ചൂണ്ടിക്കാട്ടി. അതിനാല്‍ കാസർഗോഡുനിന്നും മംഗലാപുരത്തേക്ക് വാഹനങ്ങള്‍ കടത്തിവിടാനാകില്ലെന്നും കര്‍ണാടക പറഞ്ഞു.
കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് -19 രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് രോഗികള്‍ക്ക് മംഗളൂരുവിലേയ്ക്ക് പ്രവേശനം നിഷേധിച്ചത്. കൂടാതെ, മംഗളൂരു കോവിഡ് പടര്‍ന്നു പിടിക്കാന്‍ സാധ്യതയുള്ള നഗരമാണെന്നും കര്‍ണാടക വാദിച്ചു.
കര്‍ണാടകയുടെ ഈ നിലപാടു മൂലം രണ്ടു ജീവനുകളാണ് നഷ്ടമായതെന്ന് കേരളത്തിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്തയും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ റോമി ചാക്കോയും സുപ്രീംകോടതിയെ ധരിപ്പിച്ചു.
നിലവില്‍ കാസര്‍ഗോഡ് നിന്നുള്ള ആംബുലന്‍സുകള്‍ മംഗളൂരുവിലേയ്ക്ക് കടത്തിവിടേണ്ടെന്ന നിലപാടിലാണ് ദക്ഷിണ കര്‍ണാടക ജില്ല ഭരണകൂടം. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പരിശോധിച്ച ശേഷം അതിര്‍ത്തി കടത്താന്‍ ചെക്ക് പോസ്റ്റില്‍ ഡോക്ടറെ വരെ നിയോഗിച്ച ശേഷമാണ് കര്‍ണാടകയുടെ ഈ നിലപാട് മാറ്റം.
അതേസമയം, കാസര്‍ഗോഡ് നിന്നും കര്‍ണാടകയിലേക്കുള്ള ദേശീയപാതയിലെ ഗതാഗതം തടഞ്ഞത് അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി ചൊവ്വാഴ്ച ഇടക്കാല ഉത്തരവിലൂടെ ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അടയ്ക്കാന്‍ കര്‍ണാടകത്തിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് കര്‍ണാടക സുപ്രീംകോടതിയെ സമീപിച്ചത്.