ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ വൈകാതെ തന്നെ ഇന്ത്യയോട് ചേരുമെന്ന് മുന്‍ സൈനിക മേധാവിയും നിലവില്‍ കേന്ദ്രമന്ത്രിയുമായ വി.കെ സിംഗ്. ഇതിനായി കുറച്ചു സമയം കൂടി കാത്തിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ദൗസയില്‍ നടന്ന ബിജെപിയുടെ പരിവര്‍ത്തന്‍ സങ്കല്‍പ്പ് യാത്രയിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമര്‍ശം.
ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ അടുത്തിടെ സമാപിച്ച ജി20 ഉച്ചകോടിയുടെ വിജയത്തെക്കുറിച്ചും വി.കെ സിംഗ് സംസാരിച്ചു. പ്രൗഢഗംഭീരമായി നടത്തിയ ഉച്ചകോടിയിലൂടെ ഇന്ത്യയ്ക്ക് ലോക വേദിയിൽ അതുല്യമായ സ്ഥാനം ലഭിച്ചെന്നും ലോകത്തിന് മുന്നിൽ രാജ്യം അതിന്റെ കഴിവ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയൊഴികെ മറ്റൊരു രാജ്യത്തിനും ഇതുപോലെ ഒരു ഉച്ചകോടി സംഘടിപ്പിക്കാൻ കഴിയില്ലെന്ന് വി.കെ സിംഗ് അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിന് മുന്നിൽ തങ്ങളുടെ കഴിവ് തെളിയിച്ചെന്നും ജി-20 ഗ്രൂപ്പിൽ ലോകത്തിലെ എല്ലാ ശക്തമായ രാജ്യങ്ങളും ഉൾപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്രമസമാധാന നിലയുമായി ബന്ധപ്പെട്ട് രാജസ്ഥാൻ സർക്കാരിനെ വി.കെ സിംഗ് രൂക്ഷമായി വിമർശിച്ചു. നിലവിലെ കോൺഗ്രസ് സർക്കാരിന് കീഴിൽ സംസ്ഥാനത്തെ ക്രമസമാധാന നില മോശമായെന്നും അതിനാൽ സംസ്ഥാനത്തെ ജനങ്ങൾ ബുദ്ധിമുട്ടുകയാണെന്നും മന്ത്രി ആരോപിച്ചു. ജനങ്ങൾക്കിടയിലേക്ക് പോകാനും അവരെ ശ്രവിക്കാനും ബിജെപിക്ക് പരിവർത്തൻ സങ്കൽപ് യാത്ര സംഘടിപ്പിക്കേണ്ടി വന്നതിന്റെ കാരണം ഇതാണ്. ജനങ്ങൾ ഒരു പരിവർത്തനം ആഗ്രഹിക്കുന്നുണ്ട്. അവരാണ് ഈ യാത്രയിൽ ഞങ്ങളോടൊപ്പം വരുന്നത്. മാറ്റം കൊണ്ടുവരാൻ രാജസ്ഥാനിലെ ജനങ്ങളുടെ മനസ്സ് ഉറപ്പിച്ചിരിക്കുന്നുവെന്നും പരിവർത്തൻ സങ്കൽപ്പ് യാത്രയ്ക്ക് സംസ്ഥാനത്തുടനീളം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...