ആധാറും ജി.എസ്.ടിയും: ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ആധാര്‍ കാര്‍ഡിന്‍റെയും ജി.എസ്.ടിയുടെയും ആനുകൂല്യങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആധാര്‍ വഴി പാവപ്പെട്ടവര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമായെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ജി.എസ്.ടി നടപ്പാക്കിയതിന്‍റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഉപഭോക്താക്കള്‍ക്കാണെന്നും വ്യക്തമാക്കി. 

Last Updated : Oct 26, 2017, 12:41 PM IST
ആധാറും ജി.എസ്.ടിയും: ഗുണഗണങ്ങള്‍ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിന്‍റെയും ജി.എസ്.ടിയുടെയും ആനുകൂല്യങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആധാര്‍ വഴി പാവപ്പെട്ടവര്‍ക്ക് അവരുടെ ആനുകൂല്യങ്ങള്‍ നേരിട്ട് ലഭ്യമായെന്ന് അവകാശപ്പെട്ട പ്രധാനമന്ത്രി ജി.എസ്.ടി നടപ്പാക്കിയതിന്‍റെ ഗുണം ലഭിക്കാന്‍ പോകുന്നത് ഉപഭോക്താക്കള്‍ക്കാണെന്നും വ്യക്തമാക്കി. 

വിജ്ഞാന്‍ ഭവനില്‍ ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. 

ഉപഭോക്തൃ സംരക്ഷണം മികച്ച സര്‍ക്കാരിന്‍റെ ലക്ഷണമാണ്. അതിനെക്കുറിച്ച് വേദങ്ങളില്‍ പോലും പരാമര്‍ശമുണ്ട്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തില്‍ ഉപഭോക്തൃ സംരക്ഷണം സവിശേഷ പ്രധാന്യം അര്‍ഹിക്കുന്നു. പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഉപഭോക്തൃ ശാക്തീകരണത്തിന് ഊന്നല്‍ നല്‍കും. തെറ്റിധാരണ പരത്തുന്ന പരസ്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ജന്‍ധന്‍-ആധാര്‍-മൊബൈല്‍ ഫോണ്‍ എന്നിവയിലൂടെ വലിയ മാറ്റത്തിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. ഇതിലൂടെ ഏതൊരാള്‍ക്കും സര്‍ക്കാരിനോട് നേരിട്ട് സംവദിക്കാനുള്ള സാധ്യതകളാണ് തുറക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. 

സ്വാതന്ത്ര്യദിന സന്ദേശത്തിലെ തന്‍റെ ആഹ്വാനം സ്വീകരിച്ച് ഒരു കോടിയിലധികം ഉപഭോക്താക്കള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഗ്യാസ് സബ്സിഡി വേണ്ടെന്ന് വച്ചു. ഇതിലൂടെ ലഭിച്ച പണം ഖജനാവിലേക്കല്ല, ജനങ്ങളുടെ അഭിവൃദ്ധിക്കാണ് സര്‍ക്കാര്‍ ഉപയോഗിച്ചത്. ഈ പണം ഉപയോഗിച്ച് 3 കോടിയിലധികം വീടുകളില്‍ ഗ്യാസ് കണക്ഷന്‍ സൗജന്യമായി നല്‍കിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

കമ്പനികള്‍ തമ്മിലുള്ള ആരോഗ്യകരമായ മത്സരം വര്‍ധിപ്പിക്കുന്നതിന് ജി.എസ്.ടി വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അതു വഴി സാധനങ്ങളുടെ വില കുറയുമെന്നും അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ സുസ്ഥിര നടപടി സ്വീകരിച്ച സര്‍ക്കാര്‍ ജനങ്ങളുടെ പണം സംരക്ഷിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

Trending News