Kolkata: മമത - കേന്ദ്ര സര്‍ക്കാര്‍ പോര് മുറുകുന്ന അവസരത്തില്‍ നിര്‍ണ്ണായക തീരുമാനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി...
ഇന്ന് സര്‍വീസില്‍ നിന്നും വിരമിച്ച ആലാപൻ ബന്ധോപാധ്യയെ (Alapan Bandyopadhyay) മുഖ്യമന്ത്രിയുടെ പ്രധാന ഉപദേഷ്ടാവായി നിയമിക്കാനാണ് മമത സര്‍ക്കാരിന്‍റെ നീക്കം. സർവീസ് കാലാവധി അവസാനിച്ച ചീഫ് സെക്രട്ടറിയുടെ സേവനം നിലവിലെ പ്രത്യേക സാഹചര്യത്തില്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന് ശേഷം ഉണ്ടായ വിവാദങ്ങള്‍ക്കൊടുവില്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ കേന്ദ്ര സര്‍വീസിലേക്ക് തിരിച്ചുവിളിയ്ക്കുകയായിരുന്നു.
എന്നാല്‍, ആലാപൻ ബന്ധോപാധ്യയെ വിട്ടയയ്ക്കാനാവില്ല എന്ന് കേന്ദ്രത്തെ അറിയിച്ച മുഖ്യമന്ത്രി Mamata Banerjee അദ്ദേഹത്തെ മുഖ്യ ഉപദേഷ്ടാവായി നിയമിക്കുകയായിരുന്നു. സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി എച്ച് കെ ദ്വിവേദിയെ പുതിയ സംസ്ഥാന ചീഫ് സെക്രട്ടറിയായും ബി പി ഗോപാലികയെ പുതിയ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചതായി മമത ബാനർജി അറിയിച്ചു.
കോവഡ്, യാസ് ചുഴലിക്കാറ്റ് തുടങ്ങിയവ സംസ്ഥാനത്തെ ഏറ്റവുമധികം ബാധിച്ചിരിക്കുന്ന ഈ നിര്‍ണായകമായ സമയത്ത് ചീഫ് സെക്രട്ടറിയെ വിട്ടയയ്ക്കാനാവില്ല, വിട്ടയ്ക്കുന്നുമില്ല, എന്നായിരുന്നു ചീഫ് സെക്രട്ടറിയെ തിരികെവിളിച്ച നടപടിയ്ക്ക് മറുപടിയായി മമത കേന്ദ്ര സര്‍ക്കാറിനയച്ച കത്തില്‍ പറഞ്ഞിരുന്നത്.
Yaas Cyclone വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍നിന്നും മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്ന സംഭവം ഏറെ വിവാദമായിരുന്നു. എന്നാല്‍, PMO നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മമത നേരിട്ട് രംഗത്തെത്തുകയായിരുന്നു. ബംഗാളികളുടെ ക്ഷേമത്തിനായി പ്രധാനമന്ത്രിയുടെ കാലുപിടിയ്ക്കാനും തയ്യാറാണെന്നയിരുന്നു മമതയുടെ പ്രഖ്യാപനം.
യാസ് ചുഴലിക്കാറ്റ് (Yaas Cyclone) നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അവലോകന യോഗത്തില്‍ നിന്ന് തനിക്ക് കടുത്ത അവഗണന നേരിട്ടുവെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യാജവും ഏകപക്ഷീയവും പക്ഷപാതപരവുമായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ക്ക് നല്‍കുന്നതെന്നും മമത ആരോപിച്ചിരുന്നു.
അടുത്തിടെ നടന്ന പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലുള്ള കലഹം വര്‍ദ്ധിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ നേടിയ ചരിത്ര വിജയത്തിനുശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ BJP പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം അഴിച്ചുവിട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...