ന്യൂഡൽഹി: രമേഷ് ബെയ്‌സിനെ പ്രസിഡന്റ് ദ്രൗപതി മുർമു മഹാരാഷ്ട്രയുടെ പുതിയ ഗവർണറായി നിയമിച്ചു. ബി.എസ്. കോഷിയാരി രാജിവച്ച ഒഴിവിലാണ് പുതിയ ഗവർണറെ നിയമിച്ചത്. "മഹാരാഷ്ട്ര ഗവർണറായിരുന്ന ഭഗത് സിംഗ് കോഷിയാരിയുടെയും ലഡാക്കിലെ ലഫ്റ്റനന്റ് ഗവർണറായിരുന്ന രാധാകൃഷ്ണൻ മാത്തൂരിന്റെയും രാജി ഇന്ത്യൻ രാഷ്ട്രപതി സ്വീകരിച്ചു," രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ ഞായറാഴ്ച അറിയിച്ചു. അരുണാചൽ പ്രദേശ് ഗവർണർ ബ്രിഗേഡിയർ ബി.ഡി.മിശ്ര ലലഡാക്കിന്റെ ലഫ്.ഗവർണറായി നിയമിതനായി.
റിട്ട. ജസ്റ്റിസ് എസ് അബ്ദുൾ നസീറിനെ ആന്ധ്രാപ്രദേശ് ഗവർണറായി നിയമിച്ചു. ലഫ്.ജനറൽ കൈവല്യ ത്രിവിക്രം പർണായിക്ക് അരുണാചൽ പ്രദേശ് ഗവർണർ ആകും. ലക്ഷ്മൺ പ്രസാദ് ആചാര്യ സിക്കിം ഗവർണറും സിപി രാധാകൃഷ്ണൻ ജാർഖണ്ഡ് ഗവർണറും ശിവ് പ്രതാപ് ശുക്ല ഹിമാചൽ പ്രദേശ് ഗവർണറും ഗുലാബ് ചന്ദ് കതാരിയ അസം ഗവർണറുമാകുമെന്ന് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇവരെ കൂടാതെ നിരവധി ഗവർണർമാർക്ക് വിവിധ സംസ്ഥാനങ്ങളുടെ ചുമതല നൽകിയിട്ടുണ്ട്. ആന്ധ്രാപ്രദേശ് ഗവർണറായിരുന്ന ബിശ്വ ഭൂഷൺ ഹരിചന്ദനെ ഛത്തീസ്ഗഢ് ഗവർണറായി നിയമിച്ചു. ഛത്തീസ്ഗഡ് ഗവർണറായ സുശ്രീ അനുസൂയ യുക്യെ മണിപ്പൂർ ഗവർണറായി നിയമിച്ചു. മണിപ്പൂർ ഗവർണറായ ലാ ഗണേശനെ നാഗാലാൻഡ് ഗവർണറായി നിയമിച്ചു. ബിഹാർ ഗവർണർ ഫാഗു ചൗഹാനെ മേഘാലയ ഗവർണറായും ഹിമാചൽ പ്രദേശ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറിനെ ബിഹാറിന്റെ ഗവർണറായും നിയമിച്ചതായി രാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...