Punjab Election Results 2022: കോൺഗ്രസിനേയും BJPയേയും തള്ളി ഇക്കുറി AAPയ്ക്കൊപ്പം ചേരുമോ പഞ്ചാബ്‌?

 

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 08:38 PM IST
  • പഞ്ചാബിന്റെ ഉള്ളിലിരുപ്പ് എന്താണ്? എഎപി തൂത്തുവാരുമോ പഞ്ചാബ്?
Punjab Election Results 2022: കോൺഗ്രസിനേയും BJPയേയും തള്ളി ഇക്കുറി AAPയ്ക്കൊപ്പം ചേരുമോ പഞ്ചാബ്‌?
 
Punjab Elction Results 2022: രാജ്യം  ആകാംഷയോടെ കാത്തിരിയ്ക്കുന്ന  നിയമസഭ തിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരാന്‍ ഇനി  വെറും മണിക്കൂറുകള്‍ മാത്രമാണ് ബാക്കി...  5 സംസ്ഥാനങ്ങളിലെ ഫലം  പുറത്തുവരുമ്പോള്‍ പഞ്ചാബ്‌ ആര്‍ക്കൊപ്പം നില്‍ക്കും എന്നതാണ് ചര്‍ച്ചയാവുന്നത്. 
 
പഞ്ചാബിന്റെ ഉള്ളിലിരുപ്പ് എന്താണ്? എഎപി തൂത്തുവാരുമോ പഞ്ചാബ്? കോൺഗ്രസും ബിജെപിയും എന്ത് പ്രതീക്ഷിക്കുന്നു?
പഞ്ചാബിന്റെ നെഞ്ചകത്ത് എന്താണ്? . എക്സിറ്റ് പോൾ ഫലങ്ങൾ സത്യമായാൽ കോൺഗ്രസ് തകർന്നടിയുമെന്ന് ഉറപ്പ്. പഞ്ചാബിൽ വലിയ അടിത്തറയുള്ള പാർട്ടിയാണ് കോൺഗ്രസ്. അവിടുത്തെ പരാജയം കോൺഗ്രസിന് അധികാര നഷ്ടമെന്ന ഒറ്റ തിരിച്ചടിയിൽ മാത്രം ഒതുങ്ങില്ല. പാർട്ടിയിൽ ഭീകര പ്രതിസന്ധികൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
 
കൂടാതെ, കടുത്ത ബിജെപി വിരുദ്ധ വികാരമാണ് പഞ്ചാബിൽ നിലനിൽക്കുന്നത്. കർഷക സമരം ബിജെപിക്ക് ഉണ്ടാക്കുന്ന നഷ്ടത്തിന്‍റെ  ആഴം എത്രമാത്രമാണെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുമ്പോൾ  അറിയാം.
 
 
 ബിജെപി വിരുദ്ധ വികാരം വോട്ടാക്കാൻ ഭരണത്തിലിരിക്കുന്ന കോൺഗ്രസിന് സാധിക്കില്ലെന്ന തിരിച്ചറിവാണ് ഡൽഹിയിൽ മാത്രം ഒതുങ്ങിയ ആംആദ്മി പാർട്ടിയെ പഞ്ചാബിലേക്ക് എത്തിക്കുന്നത്. ഭഗവന്ത് മൻ ആണ് ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി.  കോണ്‍ഗ്രസിൽ നിന്ന് ചരൺജിത് ഛന്നിയും എന്‍ഡിഎയ്ക്ക് വേണ്ടി അമരീന്ദര്‍ സിങ്ങുമാണ് മുഖ്യമന്ത്രി സ്ഥാനാർഥിമാരായി രംഗത്ത് ഇറങ്ങിയത്. 
 
 
117 സീറ്റുകളുള്ള പഞ്ചാബിൽ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 59 സീറ്റാണ്. എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും ആംആദ്മി പാർട്ടി അധികാരത്തിലെത്തുമെന്ന് പ്രവചിക്കുന്നു. ടുഡെയ്സ് ചാണക്യ AAPക്ക് 100 സീറ്റ് ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. ഏറ്റവും കുറവ് സീറ്റ് എഎപിക്ക് പ്രവചിച്ചിരിക്കുന്നത് സീ വോട്ടറാണ്. 51 നും 61നും ഇടയ്ക്ക് സീറ്റ് എഎപിക്ക് ലഭിക്കുമെന്നാണ് സീ വോട്ടർ പ്രവചനം. എഎപിക്കും കോൺഗ്രസിനും ശേഷം കൂടുതൽ സീറ്റ് നേടുക ശിരോമണി അകാലി ദൾ ആകുമെന്നും എക്സിറ്റ് പോളുകൾ ഒരേ പോലെ പ്രവചിക്കുന്നു. 
 
 
 
2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 117ൽ  77 സീറ്റ് നേടിയാണ് കോൺഗ്രസ് അധികാരം പിടിച്ചത്. സംസ്ഥാന ഭേദമില്ലാതെ കോൺഗ്രസിന്‍റെ കൂടെപിറപ്പായ തമ്മിൽതല്ല് പഞ്ചാബിലെ പാർട്ടിയേയും  പിന്നോട്ട് അടിച്ചു.  പഞ്ചാബിൽ ജനസമ്മതിയുള്ള ക്യാപ്റ്റൻ അമരീന്ദർ സിംഗ് ക്രിക്കറ്റ് കളിക്കാരാനായ നവജ്യോത് സിംഗ് സിദ്ദുവിനോട് ഉടക്കി മുഖ്യമന്ത്രി പദം ഒഴിഞ്ഞു. ക്യാപ്റ്റനെ കൂടെ നിർത്താൻ കഴിയാതിരുന്ന കോൺഗ്രസിൽ തുടരെ പ്രശ്നങ്ങൾ ഉണ്ടായി. പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരൺജിത് ഛന്നി എത്തി. ആളുകളിൽ സ്വാധീനമുള്ള ഛന്നിക്കെതിരെയും പലപ്പോഴും സംസ്ഥാന നേതാക്കൾതന്നെ  രംഗത്ത് വന്നു. 

 
കർഷക സമരമാണ് ബിജെപിക്ക് ദോഷവും എഎപിക്ക് ഗുണവും ചെയ്തത്. കാർഷകരുടെ സമര തീഷ്ണതയിൽ കേന്ദ്ര സർക്കാർ കാർഷിക നിയമങ്ങൾ പിൻവലിച്ചെങ്കിലും സമരത്തിനിടെ നടന്ന പ്രശ്നങ്ങൾ പഞ്ചാബികൾ മറന്നിട്ടില്ലെന്നതിന്‍റെ തെളിവുകൂടിയാകും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ്. 
 
ഡൽഹിയെന്ന കേന്ദ്ര ഭരണപ്രദേശത്ത് മാത്രം ഒതുങ്ങി നിന്ന എഎപി എന്ന പാർട്ടിയുടെ വളർച്ച ഇന്ത്യയുടെ അതിർത്തി സംസ്ഥാനമായ പഞ്ചാബിലേക്ക് എത്തുന്ന കാഴ്ചയ്ക്കും ഇത്തവണ നമ്മൾ സാക്ഷ്യം വഹിച്ചേക്കും. കേന്ദ്ര ഭരണപ്രദേശത്തിന്‍റെ  പരിമിതികളിൽ നിന്ന് സംസ്ഥാന ഭരണം പൂർണ്ണമായി ലഭിക്കുന്ന തലത്തിലേക്ക് എഎപി ഉയരുമെന്ന എക്സിറ്റ് പോൾ ഫലങ്ങൾ സത്യമാകുമോയന്നും അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.

 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News