ന്യൂഡൽഹി: അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായി ഇന്ന് രാജ്യത്ത് ദുഃഖാചരണം പ്രഖ്യപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ ഇന്ന് ഉണ്ടായിരിക്കില്ല. ദുഃഖാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ദേശീയ പതാക പതിവായി ഉയര്‍ത്തുന്ന സ്ഥലങ്ങളില്‍ പകുതി താഴ്ത്തിക്കെട്ടും. ഇതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാന പൊതുഭരണ വകുപ്പ് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, തൃശ്ശൂരിലെ പുലിക്കളി ഇന്ന് തന്നെ നടക്കും.
അതേസമയം ബ്രിട്ടീഷ് രാജാവായി ചാള്‍സ് മൂന്നാമൻ അധികാരമേറ്റു. ഇന്നലെ സെപ്റ്റംബർ 10ന് ബ്രിട്ടണിലെ സെന്റ് ജെയിംസ് കൊട്ടാരത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. മുതിര്‍ന്ന രാഷ്ട്രീയനേതാക്കള്‍, ജഡ്ജിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ അക്സഷൻ കൗണ്‍സിലാണ് പ്രിന്‍സ് മൂന്നാമനെ രാജാവായി പ്രഖ്യാപിച്ചത്. ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വിശിഷ്ടാതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചരിത്രത്തിലാദ്യമായി രാജാവിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തു.
സ്ഥാനാരോഹണം നടന്നാലും ഔദ്യോഗിക ചടങ്ങുകൾ എലിസബത്ത് രാജ്ഞിയുടെ മരണത്തിന്‍റെ ദുഃഖാചരണം കഴിഞ്ഞതിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ. രാജ്ഞി മരിച്ചതിനെ തുടർന്ന് പകുതി താഴ്ത്തിയ പതാക പുതിയ രാജാവിന്റെ സ്ഥാനാരോഹണത്തിന്‍റെ ഭാഗമായി ഒരു മണിക്കൂർ നേരം ഉയർത്തും. രാജ്ഞിയുടെ സംസ്കാരം കഴിഞ്ഞ് ഏഴു ദിവസം വരെയാണ് ദുഃഖാചരണം.
സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. സ്കോട്ടലാൻഡിലെ ബാലമൊറാൽ കൊട്ടരത്തിൽ വെച്ചായിരുന്നു അന്ത്യം. പ്രത്യേക വാര്‍ത്താക്കുറിപ്പിലൂടെയാണ് ബക്കിങ്ഹാം കൊട്ടാരം രാജ്ഞിയുടെ മരണവാര്‍ത്ത അറിയിച്ചത്. എലിബസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍ 19ന് നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...