ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. മതനേതാക്കളേയും പുരോഹിതന്‍മാരേയും വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.   

Last Updated : Oct 18, 2018, 12:00 PM IST
ശബരിമല വിധി: ആചാരങ്ങള്‍ പരിഗണിക്കാതെയുള്ള വിധിയെന്ന് മോഹന്‍ ഭഗവത്

നാഗ്പൂര്‍: പ്രായഭേദമന്യേ വിശ്വാസികളായ സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. ആചാരങ്ങള്‍ പരിഗണിക്കാതെയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതെന്ന് മോഹന്‍ ഭഗവത് പറഞ്ഞു.

സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിശ്വാസികളുടെ വികാരം പരിഗണിച്ചില്ല. മതനേതാക്കളേയും പുരോഹിതന്‍മാരേയും വിശ്വാസത്തില്‍ എടുക്കണമായിരുന്നുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു. സുപ്രീംകോടതി വിധി സമൂഹത്തില്‍ അശാന്തിയും അതൃപ്തിയും ഉണ്ടാക്കിയെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

 

 

കാലങ്ങളായി ആചാരങ്ങള്‍ പാലിച്ച് പോകുന്നവരാണ് വിശ്വാസികള്‍. സമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നത് ഏറെ നാളത്തെ പ്രക്രിയയാണ്. എന്നാല്‍, ചര്‍ച്ചകളിലൂടെ ജനമനസിനെ ബോധ്യപ്പെടുത്തി വേണം മാറ്റം കൊണ്ടുവരാന്‍ എന്നും മോഹന്‍ ഭഗവത് പറഞ്ഞു. സമത്വംകൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ സമാധാനം നഷ്ടപ്പെടുകയാണെന്നും മോഹന്‍ ഭഗവത് കൂട്ടിച്ചേര്‍ത്തു.

2016ൽ ആർഎസ്എസ് പ്രഖ്യാപിച്ച നിലപാട് പുരുഷൻമാർക്ക് പ്രവേശനമുള്ളിടത്തെല്ലാം സ്ത്രീകൾക്കും പ്രവേശനം അനുവദിക്കണം എന്നായിരുന്നു. സെപ്റ്റംബർ 18ന് സുപ്രീംകോടതിയുടെ ചരിത്രവിധി വന്ന ദിവസം ആർഎസ്എസ് വിധിയെ സ്വാഗതം ചെയ്തിരുന്നു. തുല്യതയുടെ ഒരു ഉദാഹരണം എന്നായിരുന്നു ആർഎസ്എസ് അന്ന് വിധിന്യായത്തെ വിശേഷിപ്പിച്ചത്. അതേസമയം, അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ നിയമം കൊണ്ടുവരണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു.

Trending News