ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ വെടിയുതിര്‍ത്തയാള്‍ പാര്‍ട്ടി അംഗമെന്ന ആരോപണം നിഷേധിച്ച് AAP.
ആരോപണം BJPയുടെ തിരഞ്ഞെടുപ്പ് തന്ത്രമെന്ന് വിശേഷിപ്പിച്ച AAP വക്താവ് സഞ്ജയ് സിംഗ് 'ഇനിയും' ഇതേപോലുള്ള ചിത്രങ്ങളും വീഡിയോകളും പുറത്തുവരുമെന്നും പറഞ്ഞു. ആര്‍ക്കെങ്കിലുമൊപ്പം ഒരു ചിത്രമുണ്ടെങ്കിൽ എന്താണ് അർത്ഥമാക്കുന്നത് എന്നും സിംഗ് ചോദിച്ചു.
BJPയുമായി വാക് പോര് ആരംഭിച്ച സിംഗ്, കടുത് വിമര്‍ശനമാണ് BJPയ്ക്കെതിരെ ഉന്നയിച്ചത്.
"അമിത് ഷാ രാജ്യത്തിന്‍റെ ആഭ്യന്തരമന്ത്രിയാണ്, അതിനാൽ കൂടുതല്‍ ചിത്രങ്ങളും വീഡിയോകളും, ഗൂഡാലോചനകളും തിരഞ്ഞെടുപ്പിന് മുന്‍പ് പുറത്തുവരും. തിരഞ്ഞെടുപ്പിന് ഇന് വെറും 3-4 ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനുമുന്‍പ് BJP അവർ ആഗ്രഹിക്കുന്നത്ര തരംതാഴ്ന്ന രാഷ്ട്രീയം കളിക്കും", സഞ്ജയ് സിംഗ് പറഞ്ഞു.
ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ചിനെതിരെയും സഞ്ജയ് സിംഗ് ആരോപണം ഉന്നയിച്ചു. BJPയുടെ നിർദേശപ്രകാരം പാവയെപ്പോലെയാണ് ഈ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഈ വിഷയത്തില്‍ ഉദ്യോഗസ്ഥന് നോട്ടീസ് അയയ്ക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സഞ്ജയ് സിംഗ് പറഞ്ഞു.
അതേസമയം, സഞ്ജയ് സിംഗിന്‍റെ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തി. "ഇത് ഒരു സാധാരണ ഫോട്ടോയല്ല. കപിൽ ഗുർജർ ആം ആദ്മി പാർട്ടിയിൽ ചേരുന്നു, സഞ്ജയ് സിംഗ് അയാളെ സ്വാഗതം ചെയ്യുന്നു. ആം ആദ്മി പാർട്ടി യുവാക്കളെ എങ്ങിനെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്", ജാവദേക്കര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുന്‍പായി ആം ആദ്മി പാര്‍ട്ടിയുടെ ശരിയായ മുഖം വ്യക്തമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍, ആകാശത്തേക്ക് വെടിയുതിര്‍ത്തതിനു പിന്നാലെ അറസ്റ്റിലായ ആള്‍ ആം ആദ്മി പാര്‍ട്ടി അംഗമെന്ന് കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറിയിച്ചിരുന്നു.
കപില്‍ ഗുജ്ജര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഷാഹീന്‍ ബാഗില്‍ ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പോലീസ് ബാരിക്കേടുകള്‍ക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. ജയ് ശ്രീറാം എന്ന് വിളിച്ചുകൊണ്ടായിരുന്നു ഇയാള്‍ വെടിവെച്ചത്. 2019 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.