ചണ്ഡീഗഢ്: ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകം സംബന്ധിച്ച നിര്‍ണ്ണായക സൂചനകള്‍ പുറത്ത്. കൊലപാതകത്തിന് ഏതാനും മിനിറ്റുകള്‍ മുന്‍പുള്ള CCTV ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈ ദൃശ്യങ്ങളില്‍ രണ്ടു കാറുകള്‍ മൂസെവാലയുടെ എസ്‌യുവിയെ പിന്തുടരുന്നത് കാണാം. ഇതിന് പിന്നാലെ വെള്ള നിറത്തിലുള്ള ബൊലേറോയും വീഡിയോയിൽ കാണാം.
ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സിദ്ദു മൂസെവാല ആക്രമിക്കപ്പെട്ടത്. പഞ്ചാബ് ഡിജിപി വികെ ഭാവ്‌ര പറയുന്നതനുസരിച്ച്, മൂസ്വാലയും അയൽവാസിയായ ഗുർവിന്ദ് സിംഗും ബന്ധുവായ ഗുർപ്രീത് സിംഗും വൈകുന്നേരം 4.30 ന് വീട്ടിൽ നിന്ന് ഇറങ്ങി. സിദ്ദു മൂസെവാലതന്നെയാണ് കാർ ഓടിച്ചിരുന്നത്. മൻസ ജില്ലയിലെ ജവഹർകെ ഗ്രാമത്തിൽ മൂസെവാല എത്തിയപ്പോൾ രണ്ട് വാഹനങ്ങൾ എസ്‌യുവി തടഞ്ഞുനിർത്തുകയും നിര്‍ത്താതെ വെടി വയ്ക്കുകയുമായിരുന്നു. 30 റൗണ്ട് വെടിവച്ചതിന്‍റെ സൂചനകള്‍ പോലീസിന് ലഭിച്ചു. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മത്സരത്തിന്‍റെയും ലോറൻസ് ബിഷ്‌ണോയിയെപ്പോലുള്ള ഗുണ്ടാസംഘങ്ങളുടെ പങ്കാളിത്തത്തിന്‍റെയും സൂചനകളാണ് സംഭവം സൂചിപ്പിക്കുന്നത് എന്ന് പഞ്ചാബ് പോലീസ് ഡയറക്ടർ ജനറൽ വികെ ഭാവ്‌ര പറഞ്ഞു.
സിദ്ദു മൂസെവാലയുടെ കൊലപാതകം ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള മത്സരമാണെന്ന് തോന്നുന്നുവെന്നും, കഴിഞ്ഞ വർഷം നടന്ന യുവ അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകത്തിന് പകരം വീട്ടിയതാണ് ഇതെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. യുവ അകാലി നേതാവ് വിക്കി മിദ്ദുഖേരയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സിദ്ദു മൂസെവാലയുടെ മാനേജര്‍ ഷഗുൺപ്രീതിന്‍റെ പേര് ഉള്‍പ്പെട്ടിരുന്നുവെന്നും പിന്നീട് ഇയാള്‍ ഓസ്‌ട്രേലിയയിലേക്ക് രക്ഷപ്പെട്ടിരുന്നുവെന്നും മിദ്ദുഖേരയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോറൻസ് ബിഷ്‌ണോയി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും കാനഡയിൽ നിന്നുള്ള സംഘത്തിലെ ഒരാളാണ് കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ (SIT) നിയോഗിച്ചതായും ഡിജിപി ഭാവ്‌ര അറിയിച്ചു. കൊലപാതകം സംബന്ധിച്ച് കാര്യക്ഷമവും വേഗത്തിലുള്ളതുമായ അന്വേഷണം ഉറപ്പാക്കാൻ പ്രഗല്‍ഭരായ ഉദ്യോഗസ്ഥരാണ് അന്വേഷണ സംഘത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് സർക്കാർ മുസേവാലയുടെ സുരക്ഷ പകുതിയായി കുറച്ചതിന് തൊട്ടുപിന്നാലെയാണ് ഗായകനെതിരെ ആക്രമണം നടക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...