വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

  

Last Updated : Dec 15, 2017, 02:43 PM IST
വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി

ന്യൂഡല്‍ഹി:  വിരമിക്കല്‍ സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു.  രാഹുല്‍ ഇപ്പോള്‍ സജീവമാണെന്നും, രാഹുല്‍ ഗാന്ധി നാളെ പാര്‍ട്ടി അധ്യക്ഷ പദവി ഔദ്യോഗികമായി ഏറ്റെടുക്കുമെന്നും അവര്‍ പറഞ്ഞു. എന്‍റെ റോള്‍ ഇനി വിരമിക്കുകയെന്നതാണ്  എന്നാണ് സോണിയ എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ.

സോണിയ ഗാന്ധി കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ സ്ഥാനത്തുനിന്നുമാണ്‌ വിരമിക്കുന്നതെന്നും പാര്‍ട്ടിയില്‍ നിന്നല്ലെന്നും. അവരുടെ അനുഗ്രഹവും ആശീര്‍വാദവും എല്ലാം എപ്പോഴും പാര്‍ട്ടിയുടെ കൂടെയാണെന്നും കോണ്‍ഗ്രസ്‌ വക്താവ് രണ്‍ദീപ് എസ് സുര്‍ജെവാല ട്വീറ്റ് ചെയ്തു. 

ശനിയാഴ്ച മകന്‍ രാഹുല്‍ ഗാന്ധിയ്ക്ക് പാര്‍ട്ടി ചുമതലകള്‍ ഔദ്യോഗികമായി കൈമാറി കൊണ്ട് സോണിയ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കും എന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍. കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് രാഹുല്‍ സ്ഥാനമേറ്റെടുക്കുക. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറും. അതേസമയം സോണിയയുടെ അഭാവത്തില്‍ ആരായിരിക്കും റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന ചര്‍ച്ചകള്‍ അണിയറിയില്‍ സജീവമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്‍റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. 

 

 

Trending News