New Delhi: മണിപ്പുരിൽ കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെ നഗ്നയാക്കി റോഡിൽ കൂടി നടത്തുകയും പാടത്ത് കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തില്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ച് സുപ്രീം കോടതി.
വീഡിയോ കോടതിയെ വളരെയധികം അസ്വസ്ഥമാക്കിയെന്നും സർക്കാർ നടപടി കൈക്കൊണ്ടില്ല എങ്കില്‍ കോടതി ഇടപെടുമെന്നും നടപടിയെടുക്കുമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. സംഭവത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു.
Also Read: Manipur Horror Update: മണിപ്പൂർ സംഭവത്തില്‍ മുഖ്യപ്രതി ഖുയിറേം ഹെറാദാസ് അറസ്റ്റില്‍, അന്വേഷണം ഊര്‍ജ്ജിതമാക്കി സര്‍ക്കാര്‍
തുടർന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കുറ്റവാളികൾക്കെതിരെ കേസെടുക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പ്രതികരണം തേടി. ജൂലൈ 28 നകം റിപ്പോർട്ട് സമർപ്പിക്കാനാണ് കേന്ദ്രത്തോടും മണിപ്പൂർ സർക്കാരിനോടും സുപ്രീം കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഈ വിഷയം ജൂലൈ 28ന് ലിസ്റ്റ് ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.
കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്തയും സംഭവത്തെ അപലപിച്ചു. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തര നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അത് കോടതിയെ അറിയിയ്ക്കുമെന്നും അദ്ദേഹം കോടതിയ്ക്ക് ഉറപ്പ് നല്‍കി.
അതേസമയം, സംഭവത്തില്‍ ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിനെ തുടർന്ന് പോലീസ് കര്‍ശന നടപടിയെടുക്കുകയും മുഖ്യപ്രതിയായ ഖുയിറേം ഹെറാദാസിനെ ബുധനാഴ്ച പുലർച്ചെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി മുഖ്യമന്ത്രി ബിരേൻ സിംഗ് പറഞ്ഞു.
റിപ്പോര്‍ട്ട് അനുസരിച്ച് തൗബാൽ ജില്ലയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്ക് 32 വയസ് പ്രായമുണ്ടാകും. വൈറലായ വീഡിയോയിൽ പ്രതി പച്ച ടീ ഷർട്ടിലാണ് കാണുന്നത്. അതേസമയം, മണിപ്പൂരിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗും ഇയാളുടെ അറസ്റ്റ് സ്ഥിരീകരിച്ചു. കൂടാതെ, ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്നും കുൽദീപ് അറിയിച്ചു.
മണിപ്പൂരിലെ നിലവിലെ സംഘർഷങ്ങളും അക്രമങ്ങളും, മേയ്തെയി സമുദായത്തിന് പട്ടികവർഗ പദവി നൽകണമെന്ന ഭൂരിപക്ഷമായ ഈ സമുദായത്തിന്‍റെ ആവശ്യത്തോടുള്ള ചില ഗോത്രങ്ങളുടെ എതിർപ്പിന് പിന്നാലെ ഉടലെടുത്തതാണ്.
2023 ഏപ്രിൽ 19-ന് മണിപ്പൂർ ഹൈക്കോടതി മണിപ്പൂർ സര്‍ക്കാരിനോട് ഈ വിഷയം പരിഗണിക്കാൻ ഉത്തരവിട്ടിരുന്നു. ഇത് ഗോത്രവർഗക്കാരും ഇതര വിഭാഗങ്ങളും തമ്മിൽ ശക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചു.
മണിപ്പൂരില്‍ കഴിഞ്ഞ രണ്ട് മാസമായി നടക്കുന്ന കലാപത്തില്‍ ഇതുവരെ 150-ലധികം ആളുകൾ കൊല്ലപ്പെടുകയും 400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിനാശകരമായ വംശീയ അക്രമം, മെയ് 3 നാണ് മണിപ്പൂരില്‍ ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...