ന്യൂഡൽഹി: പൈതൃക സ്ഥലങ്ങളിൽ ഏറ്റവും ശ്രദ്ധേയ സ്ഥലങ്ങളുടെ പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ താജ്മഹല്‍. യുനസ്കോയ്ക്കുവേണ്ടി ട്രിപ് അഡ്വൈസർ എന്ന ഓൺലൈൻ യാത്രാ പോർട്ടലാണ് സർവേ സംഘടിപ്പിച്ചത്.
മുഗൾ ചക്രവർത്തി ഷാജഹാൻ നിർമ്മിച്ച അനശ്വര പ്രണയത്തിന്റെ ഈ നിത്യസ്മാരകം 8 മില്യണിലേറെ പേരാണ് ഓരോ വർഷവും സന്ദർശിക്കുന്നത്.
ഈ പട്ടികയില്‍ ആദ്യസ്ഥാനം കംബോഡിയയിലെ ക്ഷേത്ര സമുച്ചയമായ ആങ്കര്‍വാട്ടിനാണ്. 12 ാം നൂറ്റാണ്ടില്‍ ദക്ഷിണേന്ത്യന്‍ ശൈലിയില്‍ സ്ഥാപിച്ച ലോകത്തെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് ആങ്കര്‍വാട്ട്.
യുനസ്കോയുടെ പ്രകൃതിദത്ത, സാംസ്കാരിക പൈതൃകങ്ങളുടെ പട്ടികയിൽ നിന്ന് ലോകത്താകമാനമുള്ള വിനോദ സഞ്ചാരികൾ തെരഞ്ഞെടുത്തവയാണ് ഇവ.
1368 ല്‍ നിര്‍മ്മിക്കപ്പെട്ട ചൈനയുടെ വൻ മതിലാണ് മൂന്നാം സ്ഥാനത്ത്. തെക്കേ അമേരിക്കൻ രാഷ്ട്രമായ പെറുവിലെ മാച്ചു പിച്ചു നാലാം സ്ഥാനവും നേടിയിട്ടുണ്ട്.
ബ്രസീലിലെ ഇഗാസു ദേശീയോദ്യാനം, ഇറ്റലിയിലെ സെസ്സി, പോളണ്ടിലെ ഓസ്ചിത്സ് ബിർകനൗ മ്യൂസിയം, വിശുദ്ധ നഗരമായ ജറൂസലം എന്നിവയും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.