ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഐസിയുവില്‍ നിന്ന് ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു.  

Last Updated : Sep 2, 2019, 01:14 PM IST
ഉന്നാവോ കേസ്: പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉന്നാവോ പീഡന പരാതിക്കാരിയായ പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ട് ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയുടെ മൊഴി സിബിഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തി.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതിനാല്‍ ഐസിയുവില്‍ നിന്ന് ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ മൊഴിയെടുക്കുമെന്ന് നേരത്തെ സിബിഐ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഉന്നാവോ പെണ്‍കുട്ടിയുടെ അമ്മാവനുവേണ്ടി കേസ് നടത്തുന്നയാള്‍ക്കു നേരെയും വധശ്രമമുണ്ടായിരുന്നു.

ജൂലൈ 28നായിരുന്നു റായ്ബറേലിയില്‍വെച്ച് പെണ്‍കുട്ടിയും അഭിഭാഷകനും സംഘവും സഞ്ചരിച്ച കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടായത്. പെണ്‍കുട്ടിയുടെ രണ്ട് അമ്മായിമാര്‍ അപകടത്തില്‍ മരിച്ചിരുന്നു. നമ്പര്‍ മറച്ച ട്രക്ക് അമിതവേഗത്തിലെത്തി കാറിലിടിക്കുകയായിരുന്നു.

അതേസമയം ഉന്നാവോ കേസില്‍ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗിനെതിരെ ഡല്‍ഹി തീസ് ഹസാരി കോടതി പീഡനക്കുറ്റം ചുമത്തിയിരുന്നു. പോക്സോ നിയമം ഉള്‍പ്പെടെയാണ് കുല്‍ദീപ് സിംഗിനെതിരെ കോടതി ചുമത്തിയത്.

Trending News