162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

Last Updated : Nov 25, 2019, 07:06 PM IST
162 എം.എല്‍.എമാരെയും ഒരുമിച്ച്‌ അണിനിരത്താന്‍ ത്രികക്ഷി; വന്ന് കണ്ടോളൂവെന്ന് ശിവസേന...

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ മറ്റൊരു തലത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

ഓരോ നിമിഷവും നടക്കുന്ന സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത് ഇത്തവണ യാതൊരു കാരണവശാലും ശിവസേന വിട്ടുകൊടുക്കില്ല എന്നത് തന്നെയാണ്. അതിന്‍റെ വ്യക്തമായ ഉദാഹരണമാണ്‌ ഇന്ന് വൈകിട്ട് ഹയാത്ത് ഹോട്ടലില്‍ നടക്കുന്ന എംഎല്‍എമാരുടെ പരേഡ്!!!

162 എം.എല്‍.എമാര്‍ ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമുണ്ടെന്നും അവരെ എല്ലാവരെയും ഇന്നു വൈകിട്ട് ഏഴുമണിക്ക് മുംബൈയിലെ ഒരു ഹോട്ടലില്‍ ഒരുമിച്ച്‌ അണിനിരത്തുമെന്നുമാണ് ശിവസേനാ വക്താവ് സഞ്ജയ് റൗത് അറിയിച്ചിരിക്കുന്നത്. ട്വീറ്ററിലൂടെയായിരുന്നു റൗതിന്‍റെ പ്രതികരണം.

ഞങ്ങളെല്ലാവരും ഒന്നാണ് ഒറ്റക്കെട്ടാണ് എന്നു തുടങ്ങുന്ന ട്വീറ്റില്‍, രാത്രി 7 മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ 162 എം.എല്‍.എമാരെയും ആദ്യമായി ഒരുമിച്ച്‌ അണിനിരത്തുന്നു, വന്ന് നേരിട്ട് കണ്ടോളൂവെന്ന് മഹാരാഷ്ട്രാ ഗവര്‍ണര്‍ ഭഗത് സിംഗ് കൊഷ്യാരിയെ റൗത് പരിഹസിക്കുന്നുമുണ്ട്.

ബിജെപി, എന്‍സിപി നിയമസഭ കക്ഷി നേതാവ്  അജിത്‌ പവാര്‍ നല്‍കിയ പിന്തുണയുടെ പിന്‍ ബലത്തിലാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍, അജിത്‌ പവാറൊഴികെ മറ്റെല്ലാ എംഎല്‍എമാരും എന്‍സിപിയ്ക്കൊപ്പമുണ്ട് എന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. 

തങ്ങള്‍ക്ക് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവുമെന്ന് ബിജെപിയും, തങ്ങളുടെ നേതാക്കള്‍ പാര്‍ട്ടി വിടില്ല എന്ന ഉറപ്പില്‍ ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും നിലകൊള്ളുകയാണ്. ഈ അധികാര വടംവലിയില്‍ അര് നേടും ആര് വീണ്ടും കൂറുമാറുമെന്നത് അറിയാന്‍ ഇനിയും കാത്തിരിക്കണം...

Trending News