പശ്ചിമ ബംഗാള്‍;ഗാംഗുലി ബിജെപിക്കൊപ്പമോ?

നിയമസഭാ തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

Last Updated : Aug 25, 2020, 02:35 PM IST
  • സൗരവ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യുഹമാണ് പശ്ചിമ ബംഗാളില്‍
  • മമത സർക്കാർ നൽകിയ സ്ഥലം ഗാംഗുലി തിരികെ നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായി
  • ഗാംഗുലി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് അഭ്യൂഹം
  • കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സൗരവ് ഗാംഗുലി
പശ്ചിമ ബംഗാള്‍;ഗാംഗുലി ബിജെപിക്കൊപ്പമോ?

കൊൽക്കത്ത:നിയമസഭാ തെരെഞ്ഞെടുപ്പിനൊരുങ്ങുന്ന പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനുമായ സൗരവ് ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യുഹമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ശക്തം.
ഇതിന് ബലം പകരുന്നതാകട്ടെ സമീപ കാലത്ത്  ഗാംഗുലിയുടെ ഭാഗത്ത് നിന്നുണ്ടായ നടപടിയാണ്.
സ്കൂൾ നിർമ്മിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നൽകിയ സ്ഥലം ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി തിരികെ നൽകി. 
കൊൽക്കത്ത നഗരത്തിന്റെ കിഴക്കു ഭാഗത്ത് ന്യൂ ടൗണിൽ നൽകിയ രണ്ട് ഏക്കർ സ്ഥലമാണ് ഗാംഗുലി തിരികെ നൽകിയത്. 
ഇവിടെ സ്കൂൾ നിർമ്മിക്കാനാണ് മമത സർക്കാർ ഗാംഗുലിക്ക് സ്ഥലം നൽകിയത്. എന്നാൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ നേരിട്ടു കണ്ട് 
ഗാംഗുലി സ്ഥലം തിരികെ നൽകുകയായിരുന്നു. സെക്രട്ടേറിയറ്റിൽവച്ച് ഈയിടെ നടന്ന കൂടിക്കാഴ്ചയിലാണ് ഗാംഗുലി സ്ഥലവുമായി ബന്ധപ്പെട്ട രേഖകൾ 
തിരികെ നൽകിയത് എന്നാണ് റിപ്പോർട്ട്.

മമത സർക്കാർ നൽകിയ സ്ഥലം ഗാംഗുലി തിരികെ നൽകിയത് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിട്ടുണ്ട്. 
ഗാംഗുലി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയാണ് ഇതെന്നാണ് അഭ്യൂഹം. 
2021ൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗാംഗുലി ബിജെപിയിൽ ചേരുമെന്ന നിരീക്ഷണങ്ങൾ ശക്തമാകുകയാണ്. 
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് സൗരവ് ഗാംഗുലി. 
ബിസിസിഐയുടെ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയും സെക്രട്ടറി അമിത് ഷായുടെ മകൻ ജയ് ഷായുമാണ്. 
ഈ അടുപ്പവും ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് പ്രസക്തി വർദ്ധിപ്പിക്കുകയാണ്. 

Also Read:പശ്ചിമ ബംഗാള്‍;യുവാക്കള്‍ സിപിഎം നെ കയ്യൊഴിയുന്നു!
കൊൽക്കത്ത നഗരത്തിലും ബംഗാളിൽ ആകമാനവും ശക്തമായ സ്വാധീനവും ആരാധക വൃന്ദവുമുള്ള വ്യക്തിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് 
ടീം ക്യാപ്റ്റൻ കൂടിയായ സൗരവ് ഗാംഗുലി.  ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശം അത് കൊണ്ടാണ് ചൂടേറിയ ചർച്ചാ വിഷയമാകുന്നത്. 
ഗാംഗുലിയെ ഒപ്പം കൂട്ടാനായാൽ അതിലൂടെ സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന സ്വാധീനം പതിന്മടങ്ങ് വർദ്ധിപ്പിക്കാൻ ബിജെപിക്ക് സാധിക്കും.
നിലവില്‍ പാര്‍ട്ടി അഭിമുഖീകരിക്കുന്ന നേതൃ ദാരിദ്ര്യം എന്ന പ്രശ്നം ഗാംഗുലിഒപ്പമുണ്ടെങ്കില്‍ മറികടക്കാം എന്ന് ബിജെപി കണക്ക്കൂട്ടുന്നു.
ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഗാംഗുലി എഡ്യുക്കേഷന്‍ വെല്‍ഫെയര്‍ സൊസൈറ്റിക്ക് അനുവദിച്ച ഭൂമി നിയമ പ്രശ്നങ്ങള്‍ 
കാരണം കൈമാറാന്‍ കഴിഞ്ഞില്ല,പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ്‌ അധികാരത്തില്‍ എത്തിയപ്പോഴാണ് ഗാംഗുലിക്ക് പ്ലസ്‌ ടു വരെയുള്ള സ്കൂള്‍ 
തുടങ്ങുന്നതിന് ന്യൂ ടൌണില്‍ ഭൂമി അനുവദിച്ചത്,ഈ ഭൂമിയുടെ രേഖകളാണ് ഇപ്പോള്‍ ഗാംഗുലി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ തിരികെ ഏല്‍പ്പിച്ചത്.
മമതയും ഗാംഗുലിയും തമ്മില്‍ അത്ര രസത്തിലല്ല എന്ന റിപ്പോര്‍ട്ടുകള്‍ ശരിവെയ്ക്കുന്നതാണ് പുതിയ സംഭവ വികാസങ്ങള്‍.
എന്നാല്‍ ബിജെപി പ്രവേശനത്തെ സംബന്ധിച്ച് ഗാംഗുലി ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Trending News