കോവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാക്രോൺ സൈപ്രസിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. സൈപ്രസ് സർവകലാശാലയിലെ പ്രൊഫസറും ബയോടെക്‌നോളജി ആൻഡ് മോളിക്യുലാർ വൈറോളജി ലബോറട്ടറിയുടെ തലവനുമായ ലിയോണ്ടിയോസ് കോസ്‌ട്രിക്കിസ് ഡെൽറ്റാക്രോൺ എന്ന വകഭേദത്തെ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
25 കേസുകൾ കണ്ടെത്തിയോ?
റിപ്പോർട്ടുകൾ പ്രകാരം, ലിയോണ്ടിയോസ് കോസ്‌ട്രിക്കിസും സംഘവും ഇതുവരെ സൈപ്രസിൽ 25 'ഡെൽറ്റാക്രോൺ' കേസുകൾ കണ്ടെത്തിയതായാണ് വിവരം. ജനുവരി ഏഴിനാണ് ഗവേഷകർ ഇക്കാര്യം അന്താരാഷ്ട്ര ഡാറ്റാബേസായ GISAID-ലേക്ക് അയച്ചത്. എന്നാൽ ഒരു അന്താരാഷ്ട്ര ആരോഗ്യ അതോറിറ്റിയും ഇക്കാര്യം അംഗീകരിച്ചതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഡെൽറ്റാക്രോണിനെ ഭയക്കേണ്ടതില്ല?
പുതിയ വകഭേദം വലിയ അപകടകാരിയല്ലെന്നാണ് ലിയോണ്ടിയോസ് കോസ്‌ട്രിക്കിസ് അഭിപ്രായപ്പെടുന്നത്. 'ഡെൽറ്റാക്രോൺ' ഒരു പുതിയ വകഭേദമല്ലെന്ന് ചില വൈറോളജിസ്റ്റുകൾ പറയുന്നു. കാരണം ഇത് SARS-CoV-2 വൈറസുകളുടെ ഒരു ഫൈലോജെനെറ്റിക് ട്രീയിൽ കണ്ടെത്താനോ പ്ലോട്ട് ചെയ്യാനോ കഴിയില്ല. എല്ലാ മ്യൂട്ടേഷനുകളും ഭയാനകമല്ലെന്ന് ബനാറസ് ഹിന്ദു സർവ്വകലാശാലയിലെ വൈറോളജിസ്റ്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ പ്രൊഫസറുമായ സുനിത് കെ സിംഗ് പറഞ്ഞു.
ഡെൽറ്റാക്രോണിനെ സംബന്ധിച്ച് ഇതുവരെ പുറത്ത് വന്ന റിപ്പോർട്ടുകൾ ഇവയാണ്:
1. സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ ബയോളജിക്കൽ സയൻസ് പ്രൊഫസറായ ലിയോണ്ടിയോസ് കോസ്‌ട്രിക്കിസ് 'ഡെൽറ്റാക്രോൺ' എന്ന കോവിഡ് വകഭേദം കണ്ടെത്തി. ഡെൽറ്റ ജീനോമുകൾക്കുള്ളിൽ ഒമിക്രോണിന് സമാനമായ ജനിതക ഘടകങ്ങളുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
2. ഡെൽറ്റാക്രോണിന്റെ 25 കേസുകൾ ഇതുവരെ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.
3. ഡെൽറ്റാക്രോണിന്റെ വ്യാപന ശേഷിയും അപകടസാധ്യതയും സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് ലിയോണ്ടിയോസ് കോസ്‌ട്രിക്കിസ് പറയുന്നു.
4. 25 ഡെൽറ്റാക്രോൺ കേസുകളുടെ വിവരങ്ങൾ ജനുവരി ഏഴിന്, വൈറസിലെ മാറ്റങ്ങൾ ട്രാക്കുചെയ്യുന്ന അന്താരാഷ്ട്ര ഡാറ്റാബേസായ GISAID ലേക്ക് അയച്ചു.
5. ഡെൽറ്റാക്രോൺ ഒരു യഥാർത്ഥ വകഭേദമായിരിക്കില്ല, ഒരുപക്ഷേ ചെറിയ വ്യതിനായനങ്ങളുടെ ഫലമാകാം എന്ന് വൈറോളജിസ്റ്റ് ടോം പീക്കോക്ക് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
6. ഫിസിഷ്യൻ-സയന്റിസ്റ്റ് എറിക് ടോപോൾ ഡെൽറ്റാക്രോണിനെ ഒരു വകഭേദം എന്നതിന് പകരം ഒരു 'സ്കേരിയന്റ്' എന്നാണ് വിശേഷിപ്പിച്ചത്. "സ്‌കേരിയന്റ്' എന്ന പുതിയ ഉപവിഭാഗം ഒരു യഥാർഥ വകഭേദമല്ല. എന്നാൽ ആളുകളെ ഭയചകിതരാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
7. കോവിഡ്-19 ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗികളിൽ ഡെൽറ്റാക്രോൺ അണുബാധ, ആശുപത്രിയിൽ പ്രവേശിപ്പിക്കാത്ത രോഗികളേക്കാൾ കൂടുതലാണെന്ന് കോസ്ട്രിക്കിസ് പറഞ്ഞു.
ഡെൽറ്റാക്രോൺ എന്നത് ഔദ്യോഗികമായി അംഗീകരിച്ച പേരല്ല. മുൻ വകഭേദങ്ങൾക്ക് ഡബ്ല്യുഎച്ച്ഒ ഔദ്യോഗികമായി നാമകരണം ചെയ്തിരുന്നു. സമീപകാലത്ത്, ഒമിക്രോണിന് പുറമേ, റിപ്പോർട്ട് ചെയ്യപ്പെട്ട പുതിയ വകഭേദം IHU ആണ്. നവംബറിലാണ് ഒമിക്രോണും ഐ എച്ച് യുവും ആദ്യമായി തിരിച്ചറിഞ്ഞത്. ഇതിൽ ഒമിക്രോൺ അതിവേഗം വ്യാപിച്ചെങ്കിലും ഐ എച്ച് യു കൂടുതൽ വ്യാപിച്ചില്ല. കൊറോണയുടെയും ഫ്ലൂവിന്റെയും ഇരട്ട അണുബാധയാണെന്ന് വിശ്വസിക്കപ്പെടുന്ന ഫ്ലോറോണ കേസുകൾ ഇസ്രായേലിൽ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...