കഴിഞ്ഞ ആഴ്ചയാണ് ചെന്നൈയിലെ വിദ്യാർഥി ജഗദീശ്വരൻ ആത്മഹത്യ ചെയ്തത്. രണ്ടാംവട്ടവും നീറ്റ് പരീക്ഷയിൽ തോറ്റതിനെത്തുടർന്നാണ് മരണം തെരഞ്ഞെടുത്തത്. മകന്റെ മരണത്തിൽ മനംനൊന്ത് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഒരു കത്തെഴുതി വച്ച് പിതാവ് സെൽവശേഖറും ആത്മഹത്യ ചെയ്തു. മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റ് നിർത്തലാക്കുമെന്ന ഡിഎംകെയും തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റണമെന്നായിരുന്നു ആ ആവശ്യം. തന്നെപ്പോലെ മറ്റൊരു രക്ഷിതാവിനും ഈ ഗതികേട് വരരുതെന്നും കത്തിലുണ്ടായിരുന്നു.
നീറ്റ് പരീക്ഷ നിർബന്ധമാക്കിയതിന് പിന്നാലെ 2017 മുതൽ തമിഴ്നാട്ടിൽ മരിച്ചത് 20 വിദ്യാർഥികളാണ്. ആത്മഹത്യ ചിന്തകൾ ഉണ്ടാകരുതെന്ന് കുട്ടികളോട് അഭ്യർഥിക്കേണ്ടി വന്നു തമിഴ്നാട് മുഖ്യമന്ത്രിക്ക്.
കുട്ടികളുടെ മരണക്കണക്ക് മാത്രമല്ല , ഗവർണർ ആ എൻ രവിയുമായുള്ള തർക്കം കൂടിയാണ് നീറ്റ് വിഷയത്തിൽ തമിഴ്നാടിനെ ചർച്ചയാക്കുന്നത്.
എന്തുകൊണ്ടാണ് തമിഴ്നാട് നീറ്റ് എതിർക്കുന്നത്?
2007 മുതൽ തമിഴ്‌നാട്ടിൽ പന്ത്രണ്ടാം ക്ലാസ് സ്‌കൂൾ ഫലത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികൾക്ക് പ്രൊഫഷണൽ കോളേജുകളിൽ പ്രവേശനം അനുവദിക്കുന്ന നിയമനിർമ്മാണം നിലവിലുണ്ട്. ഒരൊറ്റ പരീക്ഷയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതി എന്നതിനാൽ വിദ്യാർഥികൾക്ക് മറ്റ് സമ്മർദങ്ങളും ഉണ്ടാകുന്നില്ല. 2017 മുതൽ ഡിഎംകെ നീറ്റ് പരീക്ഷയ്ക്ക് എതിരെ ശക്തമായി രംഗത്തുണ്ട്. വിവേചനവും, അസമത്വവും നിറഞ്ഞതും ഒരാവശ്യവും ഇല്ലാത്തതുമായ പരീക്ഷ എന്നാണ് ഡിഎംകെയുടെ നിലപാട്. ഈ പരീക്ഷ കുട്ടികളുടെ മികവ് കൂട്ടുന്നു എന്നത് യാതൊരു തെളിവും ഇല്ലെന്നും വാദിക്കുന്നു.
ശക്തമായ മത്സരം നടക്കുന്നതിനാൽ പ്രത്യേകം ഫീസ് കൊടുത്ത് കോച്ചിങിന് പോകേണ്ടിവരും. ഗ്രാമങ്ങളിലെയും ദരിദ്രകുടുംബങ്ങളിലേയും കുട്ടികൾക്ക് പ്രൊഫഷണൽ കോച്ചിങ് അപ്രാപ്യമാണ്. അതേസമയം നഗരമേഖലകളിലെയും സാമ്പത്തികമായ മെച്ചപ്പെട്ട കുടുംബങ്ങളിലേയും കുട്ടികൾ ഇവരെ മറികടന്ന് മികച്ച പഠനമാർഗം തേടുന്നത് തന്നെ നീറ്റ് പരീക്ഷയിലെ വലിയ അസമത്വമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാത്രമല്ല തമിഴ് മീഡിയത്തിൽ പഠിച്ചുവരുന്ന കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ, മത്സരം കടുത്തതാക്കുകയും ചെയ്യുന്നു. എ കെ രാജൻ കമ്മിറ്റി സമർപ്പിച്ച 165 പേജ് റിപ്പോർട്ട് മലയാളം, ഇംഗ്ലീഷ് മീഡിയത്തിലെ കുട്ടികളുടെ താരതമ്യം വ്യക്തമായി പറയുന്നുണ്ട്. നീറ്റ് പരീക്ഷ നിർബന്ധമാക്കുന്നതിന് മുമ്പ് സർക്കാർ മെഡിക്കൽ കോളജുകളിൽ അഡ്മിഷൻ നേടിയ ഇംഗ്ലീഷ് മീഡിയം വിദ്യാർഥികൾ ഏകദേശം 56.02 ശതമാനമാണ്. 2020-21 ന്ശേഷം അത് 69.53 ശതമാനമായി ഉയർന്നു. തമിഴ് മീഡിയം കുട്ടികളിൽ നീറ്റിന് മുമ്പ് 14.44 ശതമാനം ആയിരുന്നത് 20-21 വർഷങ്ങളിൽ വെറും 1.7 ശതമാനമായി കുത്തനെ കുറഞ്ഞു.
നീറ്റിന് മുമ്പുള്ള സമയത്ത് ഗ്രാമീണ വിദ്യാർത്ഥികൾ ശരാശരി 61.45 ശതമാനം നിലനിർത്തുകയും 2020-21 ൽ 49.91 ശതമാനമായി കുറയുകയും ചെയ്തപ്പോൾ, നീറ്റിന് മുമ്പുള്ള 38.55 ശതമാനം ശരാശരി നേടിയ നഗര വിദ്യാർത്ഥികളുടെ എണ്ണം 50.09 ശതമാനമായി ഉയർന്നു. സ്റ്റേറ്റ് സിലബസിൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾ ദേശീയ പരീക്ഷയിൽ കുത്തനെ പിന്നോട്ടുപോയി.
ഇന്ത്യയിൽ കടുത്ത മത്സരമുള്ള മറ്റ് ധാരാളം പരീക്ഷകൾ ഉണ്ടെങ്കിലും പരാജയത്തെത്തുടർന്ന് ഇത്രയധികം വിദ്യാർഥികൾ മരിക്കുന്നത് നീറ്റിൽ മാത്രമാണ്.
മകന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്യും മുമ്പ് സെൽവശേഖരൻ പറഞ്ഞ മറ്റൊരു കാര്യം കൂടിയുണ്ട്. സ്വകാര്യ കോച്ചിങ് സെന്ററിൽ പരിശീലനത്തിനായി അയാൾ മുടക്കിയത് 1.60 ലക്ഷം രൂപയാണ്. മകൻ ജഗദീശ്വകൻ 2022ൽ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പാസായത് 427 മാർക്കോടെയാണ്. മൂന്നാവട്ടം നീറ്റ് പരിശീലനത്തിനായുള്ള തുകയും അഡ്വാൻസായി ആ പിതാവ് സ്വകാര്യ കോച്ചിങ് സെന്ററിന് നൽകിയിരുന്നു.
നീറ്റിനെച്ചൊല്ലി ഗവർണറും ഡിഎംകെ സർക്കാരും -
തമിഴ്നാട് സർക്കാർ കൊണ്ടുവന്ന നീറ്റ് നിരോധന ബില്ലിൽ ഒരിക്കലും ഒപ്പുവയ്ക്കില്ലെന്ന് ഗവർണർ ആർ എൻ രവിയുടെ നിലപാട്. 12 ഓഗസ്റ്റിനാണ് നീറ്റ് നെച്ചൊല്ലിയുള്ള രാഷ്ട്രീയ ചർച്ച തമിഴ്നാട്ടിൽ വീണ്ടും ചൂട് പിടിക്കുന്നത്. നീറ്റ് പരീക്ഷയിൽ ഉയർന്ന വിജയം നേടിയർക്ക് രാജ് ഭവനിൽ നൽകിയ അനുമോദന പരിപാടിയിലായിരുന്നു അത്. നീറ്റ് നിരോധന ബിൽ ഗവർണറുടെ പക്കലുണ്ട്. പരീക്ഷ കോച്ചിങിനായി വലിയ തുക മുടക്കാൻ കഴിയാത്തവരാണ് ഭൂരിഭാഗം രക്ഷിതാക്കളെന്നും നീറ്റ് ബാൻ ബില്ലിൽ എന്ത് നടപടിയുണ്ടാകുമെന്നും ചോദ്യമുയർന്നു. രാഷ്ട്രപതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു മറുപടി. സ്വകാര്യ മെഡിക്കൽ കോളജുകൾ അഡ്മിഷനായി വൻതുക ഈടാക്കിയിരുന്നു . ആയിരം കോടിയുടെ വരെ ബിസിനസാണ് നടന്നിരുന്നത്. തന്റെ കുട്ടികൾ ബൗദ്ധികമായി പരാജയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും മത്സരിച്ച് അവർ മികച്ചവർ ആകാനാണ് താൽപര്യമെന്നും ഗവർണർ പറഞ്ഞിരുന്നു. നീറ്റ് ബില്ലിന് ക്ലിയറൻസ് നൽകില്ലെന്നും ഗവർണർ ശക്തമായി വ്യക്തമാക്കി. നീറ്റ് റദ്ദാക്കുന്നതിനായി തമിഴ്നാട്ടിലെ വിദ്യാർഥികളും രക്ഷിതാക്കളും വിവിധ രാഷ്ട്രീയ പാർട്ടികളുമൊക്കെ വർഷങ്ങളായി ആവശ്യം ഉന്നയിക്കുന്നുണ്ട്. വിദ്യാർഥികളുടെ ആത്മഹത്യകണ്ട് നടുങ്ങിയവരാണ് അവർ. സംസ്ഥാനത്തിന്റെ താഴേത്തട്ടിൽ നിന്നും വരുന്നവരോട് വിവേചനം കാണിക്കുന്നതാണ് പരീക്ഷയെന്ന് 2020ൽ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
അതേസമയം, ഇത്തവണ ചെന്നൈയിൽ നടന്ന സ്വാതന്ത്ര്യദിന റാലിയിൽ വിദ്യാഭ്യാസത്തെ കൺകറൻറ് ലിസ്റ്റിൽ നിന്നും സ്റ്റേറ്റ് ലിസ്റ്റ് മാറ്റണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആവശ്യപ്പെട്ടു. ഗവർണറുടെ നിലപാടിനെ വിമർശിച്ച സ്റ്റാലിൻ തമിഴ്നാടിന്റെ ആകെ ആവശ്യമാണ് നീറ്റ് നിരോധനമെന്ന് രാഷ്ട്രപതി മനസിലാക്കണമെന്നും ആവശ്യപ്പെട്ടു.
അനിതയുടെ മരണം-
തമിഴ്നാട് അരിയല്ലൂർ ജില്ലയിലെ താമസിക്കാരിയായ അനിതയുടെ മരണം മറക്കാനാകില്ല. സ്റ്റേറ്റ് സിലബസിൽ പഠിച്ച് ജില്ലയിൽ ഏറ്റവും അധികം മാർക്ക് നേടിയ മിടുക്കിയായിരുന്നു അനിത. 12ആം ക്ലാസിൽ കണക്കിനും ഫിസിക്സിനും 100 ശതമാനം നേടിയ ജില്ലയിലെ ഏക ദളിത് വിദ്യാർഥിനി. പ്ലസ്ടുവിൽ 98 ശതമാനം മാർക്കുണ്ടായിട്ടും മെഡിക്കൽ പ്രവേശം ലഭിച്ചില്ല. നീറ്റിൽ 700-ൽ 86 മാർക്ക് മാത്രമാണ് അനിതക്ക് നേടാനായത്. തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിൽ നീറ്റ് മാനദണ്ഡമാക്കിയതിനെതിരെ അനിത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്നെപ്പോലുള്ള പാവപ്പെട്ട വീട്ടിലെ കുട്ടികൾക്ക് ഉയർന്ന ഫീസ് നൽകി കോച്ചിങ് സാധ്യമല്ലെന്ന് അറിയിച്ചിട്ടും കോടതി നീറ്റ് വേണമെന്ന് തന്നെ ഉത്തരവിട്ടു. ഡോക്ടറാകണമെന്ന ചുമട്ടുതൊഴിലാളിയുടെ മകളുടെ ആഗ്രഹം നടക്കില്ലെന്ന് ഉറപ്പായതോടെയാണ് അവൾ ആത്മഹത്യ ചെയ്തത്. അനിതയുടെ മരണം തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധങ്ങൾക്കും ഇടയാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...