ഇടുക്കി: 3 വയസുകാരിയെ താമസ സ്ഥലത്തു നിന്നും കാണാതായി. പിന്നീട് ഒന്നര കിലോമീറ്റർ അകലെ നിന്നും കണ്ടെത്തി. സംഭവത്തിൽ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും ആവശ്യം. മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്ന് ഉച്ചയോടെയാണ് ഇടുക്കി എസ്റ്റേറ്റ് പൂപ്പാറക്ക് സമീപത്തു നിന്നും കാണാതായത്. പിന്നീട് രണ്ടരയോടെ കുട്ടിയെ ഒന്നര കിലോമീറ്റർ അകലെ നിന്നും നാട്ടുകാർ കണ്ടെത്തി ശാന്തൻപാറ പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് രക്ഷിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറി.
എന്നാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ഒന്നര കിലോമീറ്റർ പ്രധാന റോഡിലൂടെ സഞ്ചരിച്ച കുട്ടിയെ ആരും കണ്ടിട്ടില്ല. എളുപ്പവഴിയിലൂടെ ഇത്രയും ദൂരം സഞ്ചരിക്കണമെങ്കിൽ രണ്ട് തോടുകൾ മുറിച്ചു കടക്കണം. മൂന്നു വയസ്സുള്ള കുട്ടിക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നതിന് പരിമിതികളുണ്ട്. അതിനാൽ തന്നെ സംഭവത്തിൽ അന്വേഷണം വേണമെന്നാണ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും ആവശ്യം.