തിരുവനന്തപുരം: പാർട്ടി അച്ചടക്കം ലംഘിച്ച കെ.വി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന വേണമന്ന ആവശ്യമാണ് കെപിസിസി നേതൃത്വം കേന്ദ്ര നേതൃത്വത്തിന് മുമ്പാകെ വച്ചിട്ടുള്ളത്. സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്ത കെ.വി തോമസിന്റെ നടപടി ഗുരുതരമായ അച്ചടക്ക ലംഘനമായാണ് കെപിസിസി വിലയിരുത്തുന്നത്.
കഴിഞ്ഞ കുറെ നാളുകളായി കെവി തോമസ് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. പാർട്ടി മര്യാദയും അച്ചടക്കവും കെവി തോമസ് ലംഘിച്ചതായും കെപിസിസി അധ്യക്ഷൻ സോണിയാ ഗാന്ധിയെ അറിയിച്ചുണ്ട്. കെപിസിസിയുടെ ശുപാർശ സോണിയാ ഗാന്ധി പാർട്ടി അച്ചടക്ക സമിതിക്ക് വിട്ടിരിക്കുകയാണ്.
ALSO READ : Kv Thomas: പ്രഖ്യാപിത ശത്രു, കെ.വി തോമസിനെ ഇനി ആവശ്യമില്ലെന്ന് കെ. സുധാകരൻ
അച്ചടക്ക സമിതി ഇന്ന് യോഗം ചേർന്ന് കെ.വി തോമസിനെതിരായ നടപടിയിൽ അന്തിമ തീരുമാനം കൈക്കൈള്ളും. കെപിസിസിയുടെ വികാരം പൂർണമായും ഉൾക്കൊണ്ട് കൊണ്ട് കടുത്ത നടപടി തന്നെ ഉണ്ടാകുമെന്നാണ് സൂചന.
വിശദീകരണം ചോദിക്കൽ, സസ്പെൻഷൻ, പാർട്ടിയിൽ നിന്ന് പുറത്താക്കൽ എന്നിവയാണ് കോൺഗ്രസിൽ നിലവിലുള്ള അച്ചടക്ക നടപടികൾ. കെവി തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. അത് തന്നെയാണ്
കെ.പിസിസിയും പ്രതീക്ഷിക്കുന്നത്.
ALSO READ : കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്ന് കെ.പി.സി.സി; ഹൈക്കമാന്റിന്റെ തീരുമാനം ഉടൻ
സോണിയാ ഗാന്ധിയുടെയും കെ.സുധാകരന്റെയും നിർദേശം ലംഘിച്ചാണ് കെവി തോമസ് സിപിഎം പാർട്ടി കോൺഗ്രസ് വേദിയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തിയും കോൺഗ്രസിനെ കുറ്റപ്പെടുത്തിയുമായിരുന്നു കെവി തോമസ് സെമിനാറിൽ പ്രസംഗിച്ചത്.
അതേസമയം താൻ അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കെ.വി തോമസ് ആവർത്തിച്ചു. സെമിനാറിൽ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് ഭീഷണിപ്പെടുത്തി. അതിനാലാണ് സെമിനാറിൽ പങ്കെടുത്തതെന്നും കെവി തോമസ് പറഞ്ഞു. കെ.സുധാകരൻ കോൺഗ്രസുകാരനായത് ഇപ്പോൾ മാത്രമാണെന്നും അദ്ദേഹം വിമർശനമുന്നയിച്ചു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.