സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കും; വധ ഗൂഡാലോചന കേസിൽ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കലാണ് തുടരുന്നത്

Written by - Zee Malayalam News Desk | Last Updated : May 6, 2022, 01:09 PM IST
  • കേസിൽ ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു
  • സൈബര്‍ ഹൈക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്
സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കും; വധ ഗൂഡാലോചന കേസിൽ  നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. സൈബര്‍ ഹൈക്കര്‍ സായ് ശങ്കറിനെ മാപ്പുസാക്ഷിയാക്കാനാണ് ഇപ്പോൾ  നീക്കം നടക്കുന്നത്. ഇതിനുള്ള അപേക്ഷ ക്രൈംബ്രാഞ്ച് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു കഴിഞ്ഞു. കേസിൽ ദിലീപിനും അഭിഭാഷകര്‍ക്കുമെതിരെ സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. 
നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസില്‍ ഏഴാം പ്രതിയാണ് സായ്ശങ്കര്‍. സിആര്‍പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ കേസില്‍ മാപ്പുസാക്ഷിയാക്കാനാണ് അപേക്ഷ നല്‍കിയിരിക്കുന്നത്. 

ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി നോട്ടീസ് പുറപ്പെടുവിച്ചത്. മേയ് ഏഴാം തീയതി മൂന്ന് മണിക്ക് സി ജെ എം കോടതിയില്‍ ഹാജരാകാനാണ് സായ്ശങ്കറിനോട് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ  ഈ കേസിലെ ഒന്നാം പ്രതിയും നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയുമായ നടന്‍ ദിലീപിന്റെ ഫോണില്‍ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതതായി സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ദിലീപിന്റെ 2 ഫോണുകളിലെ വിവരങ്ങളാണ് താന്‍ മായ്ച്ചു കളഞ്ഞതെന്നും അവയില്‍ കോടതി രേഖകളും ഉണ്ടായിരുന്നെന്നും സായ്ശങ്കര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

അതേസമയം, നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുകയാണ്.  കേസിലെ പ്രധാന സാക്ഷിയായ സാഗർ അടക്കമുളളവരുടെ മൊഴിയെടുക്കലാണ് തുടരുന്നത്. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകിയേക്കുമെന്നാണ് റിപ്പോർട്ട്.  നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം  നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നടപടികൾ വേഗത്തിലാക്കുകയാണ് ക്രൈംബ്രാഞ്ച്. 

കേസിന്‍റെ വിസ്താരത്തിനിടയിൽ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ  20 പേരാണ് പ്രതിഭാഗത്തേക്ക് കൂറുമാറിയത്.  ദിലീപിനെതിരായ ഗൂ‍ഡാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും കൂറുമാറിയവരിൽ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ  കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ  മൊഴി  വീണ്ടും രേഖപ്പെടുത്തുകയാണ് ക്രൈംബ്രാഞ്ച്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News