കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അക്രമസംഭവങ്ങളുടെ ദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്തയിൽ അന്വേഷണം ആവശ്യപ്പെട്ട് നടി. ദൃശ്യം ചോർന്നുവെന്ന വാർത്തകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് കത്ത് നൽകി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻവി രമണ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്കാണ് നടി കത്ത് നൽകിയത്.
നടിയെ ആക്രമിച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ കോടതിയിൽ നിന്നും ചോർന്നുവെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്തു വന്നിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്ന് പീഡന ദൃശ്യം ചോർന്നുവെന്ന വിവരങ്ങളാണ് പുറത്ത് വന്നത്. കോടതിയിൽ നിന്നും ദൃശ്യങ്ങൾ ചോർന്നുവെന്നത് ഞെട്ടിപ്പിക്കുന്ന വാർത്തയാണെന്ന് പ്രധാനമന്ത്രി അടക്കമുള്ളവർക്ക് അയച്ച കത്തിൽ നടി ചൂണ്ടിക്കാട്ടുന്നു.
അക്രമദൃശ്യങ്ങൾ ചോർന്നുവെന്ന വാർത്ത സംബന്ധിച്ച് അടിയന്തര നടപടി വേണമെന്നും കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ച തനിക്ക് കടുത്ത അനീതിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും നടി ചൂണ്ടിക്കാട്ടി. 2019 ഡിസംബര്‍ 20ന് ദൃശ്യങ്ങള്‍ ചോര്‍ന്നതായാണ് വിചാരണ കോടതിയില്‍ സ്ഥിരീകരിച്ചത്. സംസ്ഥാന ഫോറന്‍സിക് വിഭാഗമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ചതിന് മുമ്പ് വീഡിയോ ഫയലില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്ന വിവരം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...