കൊച്ചി: രാജ്യം വികസിപ്പിച്ചെടുത്ത ശാസ്ത്രസാങ്കേതിക വിദ്യകളുടെ നേട്ടങ്ങള്‍ ഉപയോഗിച്ചു മത്സ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. സിഎംഎഫ്ആര്‍ഐ സംഘടിപ്പിച്ച രണ്ടാമത് രാജ്യാന്തര സഫാരി സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ദുരന്തനിവാരണത്തെക്കുറിച്ചുള്ള പ്രത്യേക ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികള്‍ക്ക് അടിയന്തരമായി സന്ദേശമെത്തിക്കാന്‍ ഉപഗ്രഹ നിയന്ത്രിത നാവിക് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുമായി ചേര്‍ന്ന് സര്‍ക്കാര്‍ വികസിപ്പിച്ച നാവിക് സംവിധാനം കൊച്ചി, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയെന്നും മന്ത്രി സൂചിപ്പിച്ചു.
ഇത്തരത്തിലുള്ള 500 ഉപകരണങ്ങള്‍ ജനുവരി 30ന് മത്സ്യത്തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. ഉപയോഗിക്കാനുള്ള പരിശീലനവും മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കും. ഫെബ്രുവരിയില്‍ ആയിരത്തോളം ഉപകരണങ്ങള്‍ നല്‍കാനും ധാരണയായിട്ടുണ്ട്.