പൊതു ശല്യമായി മാറുന്നു, മുഖ്യമന്ത്രിക്ക് അഗോറഫോബിയ; രമേശ് ചെന്നിത്തല

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി

Written by - Zee Malayalam News Desk | Last Updated : Jun 12, 2022, 05:06 PM IST
  • ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്
  • ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു
പൊതു ശല്യമായി മാറുന്നു, മുഖ്യമന്ത്രിക്ക് അഗോറഫോബിയ; രമേശ് ചെന്നിത്തല

മുഖ്യമന്ത്രി ഒരു പൊതുശല്യമായി മാറുന്നുവെന്നു രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി എന്നാണ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കുറിപ്പ് ഇങ്ങനെ..

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിനും സ്വൈര്യജീവിതത്തിനും ഭീഷണിയും ശല്യവുമായി മാറുകയാണ് മുഖ്യമന്ത്രി. ഇന്നലെ കോട്ടയത്ത് നാട്ടകം ഗസ്റ്റ് ഹൗസിനരികിൽ മാമോദീസ കഴിഞ്ഞു മടങ്ങുന്ന ഒരു കുടുംബത്തെ അവരുടെ സ്വന്തം വീട്ടിലേക്കു പോകുന്നതിൽ നിന്ന് ഒരു മണിക്കൂർ നേരമാണ് പിണറായിയുടെ പോലീസ് തടഞ്ഞുനിർത്തിയത്.

മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യം കൊണ്ട് 14 മണിക്കൂറാണ് ഒരു നഗരത്തെ പോലീസ് ബന്തവസ്സിലാക്കുന്നത്. ആശുപത്രികളുടെ ഗേറ്റുകൾ മണിക്കൂറുകളോളം അടച്ചിടുന്നു. മനുഷ്യർക്ക് ബസ്സിലോ ഓട്ടോറിക്ഷയിലോ പോലും ആശുപത്രിയിലേക്കെത്താനോ തിരിച്ചു പോരാനോ കഴിയുന്നില്ല. ജനം നരകിക്കുകയാണ്.

ഈ മാന്യ ദേഹം പോകുന്ന വഴിയിൽ ചെറുകിട ഹോട്ടലുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും തുറക്കാൻ പോലീസ് അനുവദിക്കുന്നില്ല.

മുഖ്യമന്ത്രിക്ക് അഗോറഫോബിയയാണ്.
പിണറായിയുടെ ഈ അമിതഭയത്തിന്റെ ഇരകൾ സാധാരണക്കാരായ മനുഷ്യരാണ്. ചരിത്രത്തിലാദ്യമായി കേരളം കറുത്ത മാസ്കിനും കറുത്ത വസ്ത്രത്തിനും കറുത്ത കുടക്കും വിലക്ക് നേരിടുന്നു. നാടാകെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധത്തെത്തുടർന്ന് ഭയന്നുവിറച്ച് മാത്രം പുറത്തിറങ്ങുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഈ സംസ്ഥാനം ഇപ്പോൾ കാണുന്നത്.

ഊരിപ്പിടിച്ച വാളുകൾക്കും ഉയർത്തിപ്പിച്ച കത്തികൾക്കും ഇടയിൽക്കൂടി നടന്നിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ ഇന്ന് നൂറോളം പോലീസുകാരുടെ നടുക്ക് ചങ്കിടിപ്പോടെയാണ്‌ സ്വന്തം നാട്ടിൽ സഞ്ചരിക്കുന്നത്.

മാധ്യമപ്രവർത്തകരെയും അവരുടെ ചോദ്യങ്ങളെയും ഭയക്കുന്ന, മൊബൈൽ ഫോണിനെ ഭയക്കുന്ന, ജനക്കൂട്ടത്തെ കാണുമ്പോൾ അതിനുള്ളിലാരെങ്കിലും കറുത്ത മാസ്ക്ക് വച്ചിട്ടുണ്ടോ എന്ന് പരതിനോക്കുന്ന മുഖ്യമന്ത്രി ഈ നാടിനൊരു പൊതുശല്യമായി മാറുകയാണ്.

ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഭയം വളരുന്നത് എത്ര അപഹാസ്യമാണ്. കേരളത്തിലെ പോലീസുകാർ ഈ ഭീരുവും ദുർബലനുമായ മുഖ്യനെ പൊതിഞ്ഞുപിടിച്ച് എത്ര വേണമെങ്കിലും സഞ്ചാരിച്ചോളൂ. അതുപക്ഷേ പൊതുജനങ്ങളുടെ മാസ്കിനും ഇട്ടിരിക്കുന്ന വസ്ത്രത്തിനും, പിടിച്ചിരിക്കുന്ന കുടക്കും, സഞ്ചരിക്കുന്ന റോഡിനും വിലക്കേർപ്പെടുത്തിയാകരുത്.

ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കൂടുതൽ ഭയപ്പെടാൻ പിണറായി തയ്യാറെടുക്കണം. കേരളത്തിലെ പ്രതിപക്ഷവും പൊതുജനതയും തെരുവിൽത്തന്നെയുണ്ടാകും, നിങ്ങൾ വിലക്കിയതോരോന്നും ധരിച്ചുകൊണ്ടുതന്നെ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News