Amebic Meningoencephalitis: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

Amebic Meningoencephalitis In Kerala: പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിനമായതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്ന് ആരോഗ്യമന്ത്രി നിർദേശിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 7, 2024, 06:44 PM IST
  • കൂടുതല്‍ രോഗികളെ കണ്ടെത്തിയത് ആദ്യ രോഗിയ്ക്ക് രോഗം എങ്ങനെ ഉണ്ടായതെന്ന അന്വേഷണത്തില്‍
  • മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി
Amebic Meningoencephalitis: അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് വിദഗ്ധ ചികിത്സ

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) ബാധിച്ച് ചികിത്സയിലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് തുടര്‍ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രത്യേക സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രോസീജിയ‍ർ തയ്യാറാക്കിയാണ് ചികിത്സ നല്‍കുന്നത്. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ മാലിനമായതോ ആയ കുളങ്ങളിലെ വെള്ളത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. മൂക്കില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, തലയില്‍ ക്ഷതമേറ്റവര്‍, തലയില്‍ ശസ്ത്രക്രിയ്ക്ക് വിധേയമായവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധ പുലർത്തണം.

കുളത്തിലെ വെള്ളമോ നീരാവിയോ നേരിട്ട് മൂക്കിലേക്ക് വലിച്ചെടുക്കുന്ന ആളുകള്‍ക്ക് രോ​ഗസാധ്യത കൂടുതലാണ്. മരണമടഞ്ഞയാളെ കൂടാതെ തിരുവനന്തപുരത്ത് നിലവില്‍ ആറുപേർക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരിക്കുന്നത്. ആദ്യ രോഗിക്ക് എങ്ങനെ രോഗബാധയുണ്ടായി എന്ന ആരോഗ്യ വകുപ്പിന്റെ അന്വേഷണത്തിലാണ് രോഗം വരാന്‍ സാധ്യതയുള്ള മറ്റുള്ളവരെ കണ്ടെത്തിയത്. ഇവര്‍ക്ക് തലവേദന, കഴുത്തിന് പിന്നിലുണ്ടായ വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടായപ്പോള്‍ തന്നെ നട്ടെല്ലിലെ സ്രവ സാമ്പിള്‍ ശേഖരിച്ച് പരിശോധന നടത്തി രോഗം സ്ഥിരീകരിച്ച് ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചു. രണ്ട് പേര്‍ക്ക് രോഗം സംശയിക്കുപ്പെടുന്നുണ്ട്. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. ഇവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പായല്‍ പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി പല രീതിയില്‍ സമ്പര്‍ക്കമുണ്ടായ ആളുകളാണ്.

ALSO READ: 'തല' സ്ഥാനത്തെ ബാധിക്കുന്ന മസ്തിഷ്ക ജ്വരം; അറിയാം ലക്ഷണങ്ങളും മുൻകരുതലുകളും

ഈ ഒരാളുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം നടക്കുകയാണ്. വീട്ടിലെ കിണര്‍ വൃത്തിയാക്കിയ ശേഷം ചെളിയില്‍ നിന്നുള്ള അമീബ കലര്‍ന്ന വെള്ളത്തില്‍ നിന്നാകാം രോഗം ഉണ്ടായതെന്നാണ് സംശയിക്കുന്നത്. ഇത് വിശദമായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്തെ കുളത്തിലെ വെള്ളവുമായി ഏതെങ്കിലും രീതില്‍ സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ രോ​ഗലക്ഷണങ്ങൾ വ്യക്തമാക്കി ഉടനടി ചികിത്സ തേടേണ്ടതാണ്.

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 24ന് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പങ്കെടുത്ത് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 33 പേര്‍ കുളത്തിലെ ജലവുമായി സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ടെന്ന് കണ്ടെത്തി. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മലിനജലത്തിൽ നിന്ന് പൊടിയോ പുകയിലയോ ശ്വസിച്ചവര്‍ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നു.

പ്രദേശത്ത് ഫീവര്‍ സര്‍വേ നടത്തി. നിരീക്ഷണം ശക്തമാക്കി. രോഗലക്ഷണങ്ങള്‍ കണ്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. കുളത്തിലെ വെള്ളത്തിന്റെയും പായലിന്റെയും സാമ്പിളുകള്‍ തുടര്‍ച്ചയായി പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരം അഞ്ച് മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്. ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. കൂടുതല്‍ മരുന്നുകള്‍ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ALSO READ: അമീബിക്ക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരത്ത് നിരീക്ഷണം കർശനമാക്കാൻ ആരോഗ്യവകുപ്പ്

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണപ്പെടുന്ന രോ​ഗമാണിത്. ഇത് ഒരു പകര്‍ച്ചാവ്യാധിയല്ല. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുന്നത്. ഈ സമയത്താണ് അമീബ കൂടുതലായി കാണപ്പെടുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയുമാണ് ചെയ്യുന്നത്.

ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കേണ്ടതാണ്. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ ഒരു തരത്തിലും വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News