കണ്ണൂർ: ശബരിമല സ്ത്രീപ്രവേശന വിധിയ്ക്കെതിരെയും ഇടത് സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ. ശരണം വിളിച്ചുകൊണ്ടാണ് കണ്ണൂരിൽ ബിജെപി ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗം അമിത് ഷാ അവസാനിപ്പിച്ചത്.
സുപ്രീംകോടതിയ്ക്കെതിരെ തുറന്ന വെല്ലുവിളി നടത്തിയ അമിത് ഷാ വിധി അപ്രായോഗികമാണെന്നാണ് വിമര്‍ശിച്ചത്. അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍ മടിക്കില്ലെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
കോടതികൾ നടപ്പാക്കാനാകുന്ന വിധി പറഞ്ഞാൽ മതിയെന്ന് അമിത് ഷാ ആഞ്ഞടിച്ചു. ഒരു മൗലികാവകാശം ഉറപ്പാക്കാൻ മറ്റൊരു മൗലികാവകാശം ഹനിയ്ക്കണമെന്ന് പറയാൻ കോടതിയ്ക്ക് എങ്ങനെ കഴിയുമെന്നും അമിത് ഷാ ചോദിച്ചു. ഈ വിധി അംഗീകരിക്കാൻ കഴിയില്ല. അയ്യപ്പഭക്തരുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണ് ഈ കോടതി വിധി. സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പാക്കേണ്ടതെന്നും അമിത് ഷാ പറഞ്ഞു.
In the name of court judgement, those who want to incite violence let me tell you that there are many temples which run on different rules and norms: Amit Shah in Kannur #SabarimalaTemple #Kerala pic.twitter.com/IJGUEEgQXv
— ANI (@ANI) October 27, 2018
ഇടതുസർക്കാർ അയ്യപ്പന്‍റെ ആചാരാനുഷ്‍ഠാനങ്ങളിൽ മാറ്റം വരുത്തി ശബരിമലയെ തകർക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് അമിത് ഷാ ആരോപിച്ചു. കമ്യൂണിസ്റ്റ് സർക്കാർ തിരുവിതാംകൂർ ദേവസ്വംബോർഡിനെ വരുതിയിൽ നിർത്താനുള്ള ശ്രമം നടത്തുകയാണ്. ബിജെപിയുടെ ദേശീയശക്തി മുഴുവൻ അയ്യപ്പഭക്തർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ പാര്‍ട്ടി ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധിയുടെ ബലത്തിൽ ഇടത് സർക്കാർ ഭക്തരെ അടിച്ചമർത്തുകയാണ്. ഇത് തീക്കളിയാണെന്ന് പിണറായി വിജയൻ തിരിച്ചറിയണം. കൂട്ടത്തോടെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധിച്ച അയ്യപ്പഭക്തര്‍ എന്തുതെറ്റാണ് ചെയ്തത്? ഈ വേട്ടക്കെതിരെ കേരളസമൂഹം പ്രതികരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.
മുസ്ലിംപള്ളികളിൽ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്നതുൾപ്പടെയുള്ള വിധികൾ ഈ നാട്ടിലെ സർക്കാർ നടപ്പാക്കിയിട്ടില്ല. ഇതൊന്നും നടപ്പാക്കാൻ കഴിയാത്ത സർക്കാർ എന്തുകൊണ്ട് ശബരിമല വിധി നടപ്പാക്കാൻ ആവേശം കാണിയ്ക്കുന്നുവെന്നും അമിത് ഷാ ചോദിച്ചു.
സ്ത്രീപുരുഷ സമത്വത്തില്‍ വിശ്വസിക്കുന്ന മതമാണ് ഹിന്ദുമതം. രാജ്യത്ത് പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് മാത്രം ചെയ്യാനാകുന്ന ആചാരങ്ങളുണ്ട്. അവയെയൊന്നും ഭക്തര്‍ ചോദ്യം ചെയ്യുന്നില്ല. കോടതിയോ സര്‍ക്കാരോ വിശ്വാസത്തില്‍ കയറി കളിക്കരുതെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
നിരവധി പദ്ധതികള്‍ മോദി സര്‍ക്കാര്‍ കേരളത്തിനായി പ്രഖ്യാപിച്ചു. എയിംസ് അനുവദിച്ചു, പാലക്കാട്ട് ഐഐടി അനുവദിച്ചു. കൊച്ചിയില്‍ റെയില്‍ കോച്ച് ഫാക്ടറി അനുവദിച്ചു, ദേശീയ പാത വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു. പക്ഷേ കേരള സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇക്കാലത്തിനിടെ എത്ര കോടതി വിധികള്‍ വന്നു. അതൊന്നും നടപ്പാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിച്ചില്ല. അടിച്ചമര്‍ത്താന്‍ എടുക്കുന്ന വ്യഗ്രത പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതില്‍ കണ്ടില്ല. കേരളത്തിന്‍റെ വികസനം നടപ്പാക്കാന്‍ കഴിയുമെങ്കില്‍ മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്ക് മാത്രമായിരിക്കും. കോടതികള്‍ക്കെതിരെയും അദ്ദേഹം വിമര്‍ശം ഉന്നയിച്ചു.
ആചാരഅനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് പറഞ്ഞ അദ്ദേഹം സ്വാമിയേ ശരണം അയ്യപ്പ എന്ന് വിളിച്ചുകൊണ്ടാണ് പ്രസംഗം നിര്‍ത്തിയത്.