ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവീസ്തുതികളുമായി ഭക്തര്‍....

ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല ഇന്ന്...

Last Updated : Mar 9, 2020, 09:12 AM IST
ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവീസ്തുതികളുമായി ഭക്തര്‍....

തിരുവന്തപുരം: ഭക്തിയുടെ നിറവില്‍ ആറ്റുകാല്‍ പൊങ്കാല ഇന്ന്...
പെങ്കാലക്കെരുങ്ങി നാടും നഗരവും.. അടുപ്പുവെട്ട് 10.30ന്... ഉച്ചയ്ക്ക് 2.10ന് നിവേദ്യം....

ഇന്നലെ രാത്രിയോടെ തന്നെ ക്ഷേത്ര പരിസരവും നഗര വീഥികളും പൊങ്കാല അര്‍പ്പിക്കാന്‍ വന്ന ഭക്തരെ കൊണ്ടു നിറഞ്ഞിരിയ്ക്കുകയാണ്. ക്ഷേത്രത്തിന് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകൾ നിരന്നു കഴിഞ്ഞു.  

രാവിലെ 9.45ന് പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കും. കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്‍റെ വധം നടക്കു ഭാഗം തോറ്റംപാട്ടുകാര്‍ പാടിക്കഴിയുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് മേല്‍ശാന്തിക്ക് നല്‍കും. 10.20 നാണ് തീ പകരുന്നത്. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീ കൊളുത്തിയശേഷം അതേ ദീപം സഹമേല്‍ശാന്തിക്ക് കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിന് മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകരും. പിന്നാലെ ഭക്തര്‍ക്ക് പൊങ്കാല അടുപ്പുകള്‍ കത്തിക്കാമെന്ന വിളംബര സൂചകമായി ചെണ്ടമേളവും കതിനാവെടികളും ഉയരും. ഉച്ചയ്ക്ക് 2.10ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല സമാപിക്കും.

പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ അളവു പരമാവധി കുറയ്ക്കാനായി ഗ്രീന്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഉത്സവം നടത്തുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഭക്ഷണവും, വെള്ളവും വിതരണം ചെയ്യാന്‍ സ്റ്റീലു കൊണ്ടോ മണ്ണു കൊണ്ടോ ഉള്ള പാത്രങ്ങള്‍ ഉപയോഗിക്കണം. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം പേപ്പര്‍ കവറുകള്‍ ഉപയോഗിക്കണം. അതിന്‍റെ ഭാഗമായി അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്ന സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. പ്രോട്ടോകോള്‍ പിന്തുടരാത്തവരില്‍ നിന്നും പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

അതേസമയം, പത്തനംതിട്ടയില്‍ 5 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെയാണ് പൊങ്കാല മഹോത്സവം നടത്തുന്നത്. പനി, ചുമ, ശ്വാസതടസ്സം എന്നിങ്ങനെ കോവിഡ് 19 രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാലയ്ക്ക് വരരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. 23 ഹെല്‍ത്ത് ടീമിനെ പെങ്കാല നടക്കുന്ന സ്ഥലങ്ങളില്‍ സജ്ജമാക്കിയിട്ടുണ്ട്. 12 ആംബുലന്‍സുകളും അഞ്ച് ബൈക്ക് ആംബുലന്‍സുകളും പൊങ്കാല നടക്കുന്ന പ്രദേശങ്ങളില്‍ സജ്ജമായിരിക്കും. രോഗ ബാധിത രാജ്യങ്ങളില്‍ നിന്നും വന്നവര്‍ വീട്ടില്‍ തന്നെ പൊങ്കാലയിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ അടക്കമുള്ള ടീമുകള്‍ അതത് സ്ഥലങ്ങളില്‍ പനിയോ ജലദോഷമോ ഉള്ളവരേയും രോഗബാധിത പ്രദേശങ്ങളില്‍ നിന്നും മടങ്ങിയെത്തിയവരേയും കണ്ടെത്തി ജില്ലാ ഭരണകൂടത്തെ അറിയിക്കും.

Trending News