കൊച്ചി: കണ്ണൂർ സർവ്വകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസർ നിയമനത്തിൽ ഹൈക്കോടതി കോടതി ഇടപെടൽ. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻറെ ഭാര്യ പ്രിയ വർഗീസിൻറെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. ലിസ്റ്റിലെ രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് നടപടി. ആഗസ്റ്റ് 31 വരെയാണ് കോടതി നിയമനം സ്റ്റേ ചെയ്തത്.
വിഷയത്തിൽ ഗവർണർ, സർക്കാർ, വിസി എന്നിവർക്കും കോടതി നോട്ടീസയച്ചു. കേസിൽ യുജിസിയെ കക്ഷി ചേർക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ജോസഫ് സ്കറിയ പറഞ്ഞു.
തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപകയായിരുന്നു പ്രിയ വർഗീസ്. കഴിഞ്ഞ നവംബറിലാണ് മലയാളം ഡിപ്പാർട്ട്മെന്റിലെ ഒഴിവിലേക്ക് അഭിമുഖം നടത്തിയത് അതിൽ പ്രിയ വർഗീസിന് ഒന്നാം റാങ്ക് ലഭിക്കുകയും ചെയ്തു. ഇത് പിന്നീട് വിവാദമായി മാറുകയും നിയമനം നൽകാതെ താൽക്കാലികമായി റാങ്ക് പട്ടിക മാറ്റിവെക്കുകയായിരുന്നു.
എന്നാൽ ജൂലൈയിൽ കൂടിയ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് റാങ്ക് പട്ടികയ്ക്ക് അംഗീകാരം നൽകി. സംഭവം വിവാദത്തിലായതോടെ യൂണിവേഴ്സിറ്റികളുടെ ചാൻസലർ കൂടിയായ ഗവർണർ വിഷയത്തിൽ ഇടപെടുകയും നിയമനം മരവിപ്പിക്കുകയും ചെയ്തതോടെ ഗവർണറും സംസ്ഥാന സർക്കാരും തുറന്ന പോരിനാണ് തുടക്കമിട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.