രണ്ടു പഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ ദയാവധം ചെയ്തു സംസ്‌കരിക്കാനും പരിസരത്ത് അണുനശീകരണം നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും മൃഗസംരക്ഷണ വകുപ്പിനും കളക്ട്രേറ്റിൽ കൂടിയ അടിയന്തര യോഗത്തിൽ കളക്ടർ നിർദ്ദേശം നൽകി.
പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്റെ പത്തു കിലോമീറ്റർ ചുറ്റളവിൽ കോഴി, താറാവ്, കാട മറ്റു വളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം (വളം) എന്നിവയുടെ വിൽപ്പനയും കടത്തലും മൂന്നു ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
Also Read: നെടുമങ്ങാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചിയും ഓഫീസും കുത്തി പൊളിച്ച് വൻകവർച്ച; ലക്ഷങ്ങളുടെ നഷ്ടം
രോഗം കണ്ടെത്തിയതിന് പത്തു കിലോമീറ്റർ ചുറ്റളവിലുള്ള 19 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ കോഴി, താറാവ് മറ്റു വളർത്തുപക്ഷികൾ എന്നിവ അസാധാരണമായി ചാകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള മൃഗാശുപത്രിയിൽ വിവരം അറിയിക്കണമെന്നും ജില്ലാകളക്ടർ അറിയിച്ചു.
കോട്ടയം, വൈക്കം, ഏറ്റുമാനൂർ നഗരസഭകൾ, വെച്ചൂർ, കുറുപ്പന്തറ, തലയാഴം, തലയോലപ്പറമ്പ്, കല്ലറ, നീണ്ടൂർ, ടി.വി. പുരം, കടുത്തുരുത്തി, ഉദയനാപുരം, കുമരകം, ആർപ്പൂക്കര, അയ്മനം, നീണ്ടൂർ, അതിരമ്പുഴ, തിരുവാർപ്പ് എന്നീ പഞ്ചായത്തുകളുമാണ് നിരീക്ഷണ മേഖലയിൽ ഉൾപ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ. എല്ലാ പക്ഷികളെയും ബാധിക്കുന്ന തരത്തിലുള്ള എച്ച് 5 എൻ 1 ഇനമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ദേശാടനപ്പക്ഷികൾ, കടൽപ്പക്ഷികൾ എന്നിവയിലൂടെയാണ് ഇതു വ്യാപിക്കുന്നത്. ആർപ്പൂക്കരയിലെ താറാവ് ഫാമിലും തലയാഴത്തെ ബ്രോയ്ലർ കോഴി ഫാമിലും പക്ഷികൾ ചത്തൊടുങ്ങിയതിനെത്തുടർന്നാണ് സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യരൂറ്റി ആനിമൽ ഡിസീസസ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഇന്നലെ പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗബാധയേറ്റ് മൂന്നു മുതൽ അഞ്ചു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കുകയും കൂട്ടത്തോടെയുള്ള മരണം ഉണ്ടാവുകയും ചെയ്യുന്നതാണ്. സാധാരണ ഈ വൈറസുകൾ മനുഷ്യരിലേക്ക് പകരാറില്ലെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...