തിരുവനന്തപുരം: കേരളത്തിന് ആശ്വാസത്തിന് വക നല്‍കി ബുറെവി ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദമായി മാറി...
ബുറെവി ചുഴലിക്കാറ്റിന്‍റെ (Burevi Cyclone) ശക്തി കുറഞ്ഞതോടെ മുന്‍പ് പ്രഖ്യാപിച്ചിരുന്ന റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചു. നിലവില്‍ സംസ്ഥനത്തെ 10 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് (Yellow Alert) നിലനില്‍ക്കും.
തിരുവനന്തപുരം മുതല്‍ മലപ്പുറം വരെയുള്ള 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് ആയിരിക്കും.
മന്നാര്‍ ഉള്‍ക്കടലില്‍ നിന്നും തമിഴ് നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് അര്‍ധരാത്രി പിന്നിട്ടശേഷം ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറുകയായിരുന്നെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) രാത്രി വൈകി പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. തുടര്‍ന്നാണ് റെഡ്, ഓറഞ്ച് അലേര്‍ട്ടുകള്‍ പിന്‍വലിച്ചത്.
അതേസമയം, കന്യാകുമാരി ജില്ലയിലൂടെ ഇന്ന് ഉച്ചയ്ക്കുശേഷം മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വേഗത്തില്‍ ദുര്‍ബല ന്യൂനമര്‍ദ്ദമായിട്ടായിരിക്കും ബുറെവി കേരളത്തില്‍ പ്രവേശിക്കുക. തിരുവനന്തപുരം ജില്ലയുടെ വടക്ക്, കിഴക്ക് ഭാഗത്തു കൂടിയാവും സംസ്ഥാന അതിര്‍ത്തി കടന്ന് അറബിക്കടലിലേക്ക് നീങ്ങുക.
ബുറെവി ചുഴലിക്കാറ്റിന്‍റെ സ്വാധീനം പ്രതീക്ഷിച്ചിരുന്ന 5 ജില്ലകളില്‍ ഇന്ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കാണ് പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
അതേസമയം, രാമനാഥപുരത്തിനും തൂത്തുക്കുടിക്കും ഇടയിലൂടെ അതിതീവ്ര ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് പ്രവേശിച്ചു . മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലായിരുന്നു കരപ്രവേശം .
ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞുവെങ്കിലും സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ് . ഇന്ന് ശക്തമായതോ അതിശക്തമായതോ ആയ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
തിരുവനന്തപുരം വിമാനത്താവളം ഇന്ന് അടച്ചിടും. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
Also read: Burevi Cyclone: 5 ജില്ലകളിൽ നാളെ പൊതു അവധി, 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
ബുറെവി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ തമിഴ് നാട്ടിലും 5 ജില്ലകളില്‍ അവധി പ്രഖ്യാപിച്ചു. കന്യാകുമാരി, തെങ്കാശി, രാമനാഥപുരം, തൂത്തുക്കുടി, തിരുനെൽവേലി, വിരുദുനഗർ എന്നീ ജില്ലകളിലാണ് ഇന്ന് പൊതുഅവധി പ്രഖ്യാപിച്ചിരിയ്ക്കുന്നത്. കൂടാതെ, തൂത്തുക്കുടി വിമാനത്താവളം ഇന്ന് ഉച്ചയ്ക്ക് 12 വരെ പ്രവര്‍ത്തിക്കില്ല.