കൊച്ചി: അനുഗ്രഹീത കലാകാരൻ കാർട്ടൂൺമാൻ ബാദുഷയുടെ അനുസ്മരണാർഥം "കാർട്ടൂൺമാൻ ജൂൺ 2" എന്ന പേരിൽ നടത്തുന്ന ബാദുഷ അനുസ്മരണ പരമ്പരയ്ക്ക് തുടക്കമായി. മെയ് 14 മുതൽ ജൂൺ രണ്ട് വരെ നീണ്ടു നിൽക്കുന്ന പരിപാടിയാണ് കാർട്ടൂൺമാൻ ജൂൺ 2. കൊച്ചി പനമ്പിള്ളി നഗർ ലോറം അങ്കണത്തിലാണ് പരിപാടികൾ നടക്കുന്നത്.
എറണാകുളം എം എൽ എ ടി ജെ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. റിട്ടയർഡ് ജില്ലാ ജഡ്ജും കേരള ജൂഡീഷ്യൽ അക്കാദമി ഡയറക്ടറുമായിരുന്ന അഡ്വ. കെ. സത്യൻ മുഖ്യാതിഥിയായിരുന്നു. പത്ത് കാർട്ടൂണിസ്റ്റുകൾ ചേർന്ന് ഇരുപതടി നീളവും അഞ്ചടി വീതിയുമുള്ള ബിഗ് ക്യാൻവാസിൽ ഭിന്നശേഷിയുള്ളവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഡൂഡിൽ വരച്ചു. തുടർന്ന് ഭിന്നശേഷിയുള്ള കുട്ടികൾക്കായി കാർട്ടൂൺ പരിശീലന ക്യാമ്പും സംഘടിപ്പിച്ചു.
ഷാനവാസ് മുടിക്കൽ, ഹസ്സൻ കോട്ടേപ്പറമ്പിൽ, ബഷീർ കീഴിശ്ശേരി, ആർ.എൽ.വി മജീഷ്, നിസാർ കാക്കനാട്, കുമാർ മുവാറ്റുപുഴ, പ്രിൻസ് പൊന്നാനി, ഷൗക്കത്ത് പുലാമന്തോൾ, അസീസ് കരുവാരക്കുണ്ട്, ശിവൻ നെയ്യാറ്റിൻകര എന്നീ കാർട്ടൂണിസ്റ്റുകൾക്കൊപ്പം ബാദുഷയുടെ മകൻ ഫനാൻ ബാദുഷ, ഷിഫിത ഗഫൂർ, റെന അഷ്‌റഫ് തുടങ്ങിയ കുട്ടികളും ഡൂഡിൽ രചനയിൽ പങ്കെടുത്തു. കാർട്ടൂൺ ക്ലബ് കേരളയും പെറ്റൽസ് ഗ്ലോബ് ഫൌണ്ടേഷനും ലോറം വെൽനസിന്റെയും സഹകരണത്തോടെയാണ് ബാദുഷയുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചത്.
ചടങ്ങിൽ പെറ്റൽസ് ഗ്ലോബ് കോർഡിനേറ്റർ സനു സത്യൻ, ആശിഷ് തോമസ്, നരേഷ് ബാബു, ഡോ. ജിൻസി സൂസൻ മത്തായി, ആസിഫ് അലി കോമു, സൗരഭ്,ഗഫൂർ, ബോണി, എ എ സഹദ്, ബാദുഷയുടെ ഉമ്മ നബീസ, ഭാര്യ സഫീന, സഹോദരൻ സാബിർ എന്നിവർ സംസാരിച്ചു. 2021 ജൂണ്‍ രണ്ടിനായിരുന്നു കോവിഡ് ബാധയെത്തുടര്‍ന്ന് തികച്ചും അപ്രതീക്ഷിതമായി കാര്‍ട്ടൂണ്‍മാന്‍ ബാദുഷയുടെ നിര്യാണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...