Puzhu Review: 'പുഴു'... മമ്മൂട്ടിയെ കാണാനാകാത്ത മമ്മൂട്ടി സിനിമ; അടിമുടി രാഷ്ട്രീയം... കന്നി ചിത്രത്തിലൂടെ വരവറിയിച്ച് രത്തീന

ജാതിയും അധികാരവും എല്ലാം എത്തരത്തില്‍ ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് മമ്മൂട്ടിയുടേയും അപ്പുണ്ണി ശശിയുടേയും കഥാപാത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട് സിനിമയില്‍

Written by - Binu Phalgunan A | Last Updated : May 13, 2022, 01:34 PM IST
  • മമ്മൂട്ടി എന്ന നടൻ നിറഞ്ഞാടുന്നു എന്നത് തന്നെയാണ് പുഴുവിന്റെ പ്രധാന ഹൈലൈറ്റ്
  • അടിമുടി രാഷ്ട്രീയം തന്നെയാണ് സിനിമ പറഞ്ഞുവയ്ക്കുന്നത്
  • രത്തീന പിടിയെ സംബന്ധിച്ച് ആദ്യ സംവിധായക സംരംഭം ഒരു മികച്ച വിജയം എന്ന് അവകാശപ്പെടാം
Puzhu Review: 'പുഴു'... മമ്മൂട്ടിയെ കാണാനാകാത്ത മമ്മൂട്ടി സിനിമ; അടിമുടി രാഷ്ട്രീയം... കന്നി ചിത്രത്തിലൂടെ വരവറിയിച്ച് രത്തീന

മമ്മൂട്ടിയും പാ‍ർവ്വതിയും ഒരുമിച്ചൊരു സിനിമ എന്നത് സമീപകാല വിവാദങ്ങളുടെ സാഹചര്യത്തിൽ ഏറെക്കുറേ അസംഭവ്യമെന്നായിരുന്നു പലരും കരുതിയിരുന്നത്. 'പുഴു' അനൌൺസ് ചെയ്തപ്പോൾ പലരും അത്ഭുതപ്പെടുകയും ചെയ്തു. സിനിമയുടെ റിലീസിന് മുന്പ് നൽകിയ അഭിമുഖങ്ങളിൽ പുഴുവിലെ മൈക്രോ പൊളിറ്റിക്‌സിനെ കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മമ്മൂട്ടിയെ ആയിരുന്നു കേരളം കണ്ടത്. എന്നാല്‍ 'പുഴു' സോണി ലിവില്‍ സ്ട്രീം ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ലഭ്യമായി.

അടിമുടി രാഷ്ട്രീയം സംസാരിക്കുന്ന സിനിമ എന്ന് വേണമെങ്കില്‍ 'പുഴു'വിനെ നമുക്ക് വിലയിരുത്താം. ജാതിയും അധികാരവും എല്ലാം എത്തരത്തില്‍ ആണ് ഇടപെട്ടുകൊണ്ടിരിക്കുന്നത് എന്ന് മമ്മൂട്ടിയുടേയും അപ്പുണ്ണി ശശിയുടേയും കഥാപാത്രങ്ങളിലൂടെ വെളിവാക്കപ്പെടുന്നുണ്ട് സിനിമയില്‍- രണ്ട് കഥാപാത്രങ്ങളും രണ്ട് ധ്രുവങ്ങളിലാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് എങ്കിലും. 

Read Also: മോഹന്‍ലാലിനെ തോല്‍പിക്കുന്ന മമ്മൂക്ക! പക്ഷേ, രണ്ട് പേരും തോല്‍പിക്കുന്നത് കേരളത്തെ... ഒരു വ്യത്യാസവുമില്ല

മമ്മൂട്ടി എന്ന നടന്റെ അതി ഗംഭീര പ്രകടനം എന്ന നിലയിലും പുഴുവിനെ വിലയിരുത്താം. നമുക്ക് പരിചിതനായ 'സൂപ്പര്‍ സ്റ്റാര്‍' മമ്മൂട്ടിയെ പുഴുവില്‍ എവിടേയും ദര്‍ശിക്കാന്‍ ആവില്ല. സൂപ്പര്‍ താരപരിവേഷങ്ങളെ പൂര്‍ണമായും മാറ്റി നിര്‍ത്തി അടിമുടി നെഗറ്റീവ് ഷേഡ് ഉള്ള ഒരു കഥാപാത്രമാണ് മമ്മൂട്ടിയുടേത്. കുട്ടന്‍ എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന, മുന്‍ പോലീസുകാരനായ എന്തോ ബിസിനസ് (?) ചെയ്യുന്ന വിഭാര്യന്‍. അതിനപ്പുറം ടോക്‌സിക് ആയ ഒരു പിതാവ്. അതിലേറെ ജാതിഭ്രാന്തനായ ഒരു സഹോദരന്‍. 

അപ്പുണ്ണി ശശി അവതരിപ്പിച്ച കുട്ടപ്പന്‍ എന്ന കഥാപാത്രമാണ് എടുത്ത് പറയേണ്ട മറ്റൊന്ന്. അവസരങ്ങളുടെ അഭാവം കൊണ്ട് മാത്രം വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോകുന്ന അസംഖ്യം അഭിനേതാക്കളെ ഓര്‍മിപ്പിക്കുന്നുണ്ട് അപ്പുണ്ണി ശശി. സിനിമയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയം പറയുന്ന കഥാപാത്രമാണ് കുട്ടപ്പന്‍ എന്ന നാടക നടന്‍. കുട്ടപ്പന്റെ പല വാക്കുകളും പൊതുസമൂഹത്തിന്റെ മുഖത്തേക്കുള്ള ആഞ്ഞടികളാണ്. മമ്മൂട്ടിയുടെ സഹോദരിയായി എത്തുന്ന പാര്‍വ്വതിയുടെ പങ്കാളിയാണ് ഈ കഥാപാത്രം. എന്നാല്‍, മമ്മൂട്ടിയുടെ സഹോദരിയായി എന്തിനാണ് പാര്‍വ്വതിയെ കാസ്റ്റ് ചെയ്തത് എന്ന ചോദ്യം സിനിമ കഴിഞ്ഞപ്പോഴും ബാക്കിയാണ്. പാര്‍വ്വതിയെ പോലെ ഒരു താരശരീരത്തിന് ചെയ്യുവാന്‍ മാത്രം ഒന്നും ആ കഥാപാത്രത്തില്‍ ഇല്ലായിരുന്നു. 

Read Also: മമ്മൂട്ടിയുടെ പുഴു പറഞ്ഞതിലും നേരത്തെ എത്തി; സോണി ലിവിൽ പ്രദർശനം തുടങ്ങി

തന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയില്‍ രത്തീന പിടിയുടെ വലിയ നേട്ടം തന്നെയാണ് പുഴു എന്ന് പറയാം. പതിവ് ആഖ്യാന ശൈലികളെ എല്ലാം പലപ്പോഴായി ബ്രേക്ക് ചെയ്തുകൊണ്ടാണ് രത്തീന സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്. ചിലയിടങ്ങളില്‍ സംവിധായികയുടെ കൈയ്യടക്കം നഷ്ടപ്പെട്ടുപോകുന്നുണ്ടോ എന്ന സംശയവും കാഴ്ചക്കാര്‍ തോന്നുന്നുണ്ട്. എന്തായാലും ഒരു സിനിമ എന്ന നിലയില്‍ മൊത്തത്തില്‍ എടുക്കുമ്പോള്‍ രത്തീന എന്ന സംവിധായിക മികച്ച റേറ്റിങിന് അര്‍ഹയാണ്. ഇങ്ങനെ ഒരു പ്രമേയം തിരഞ്ഞെടുക്കാനും അതിലെ നെഗറ്റീവ് കഥാപാത്രത്തെ മമ്മൂട്ടിയെ തന്നെ ഏല്‍പിക്കാനും കാണിച്ച ധൈര്യത്തേയും പ്രശംസിക്കേണ്ടതുണ്ട്.

ഹര്‍ഷദ്, ഷറഫ്, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിട്ടുള്ളത്. സൂക്ഷ്മ രാഷ്ട്രീയവും സ്ഥൂല രാഷ്ട്രീയവും എല്ലാം തിരക്കഥയില്‍ പ്രകടമാണ്. ഹര്‍ഷദിന്റെ ഉണ്ടയില്‍ പറഞ്ഞുവയ്ക്കുന്ന ജാതി, അധികാര വ്യവസ്ഥകളും അതിന്റെ ഇരകളും എല്ലാം മറ്റൊരു വിധത്തില്‍ 'പുഴു'വിലൂടെ തുടരുന്നുണ്ട്. എന്നാല്‍ പാത്ര സൃഷ്ടികളില്‍ പലയിടത്തും ആശയക്കുഴപ്പങ്ങള്‍ ബാക്കിയാകുന്നു എന്നതാണ് തിരക്കഥയിലെ പാളിച്ചയായി തോന്നുന്നത്. കഥാപാത്രങ്ങളുടെ പശ്ചാത്തലം സംബന്ധിച്ച് കാഴ്ചക്കാരില്‍ അത് വലിയ ആശയക്കുഴപ്പവും സൃഷ്ടിക്കുന്നുണ്ട്. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News