അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത; 9 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സെക്കന്‍ഡില്‍ തൊള്ളായിരത്തി ഇരുപത്തി ആറ് ഘന അടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 31, 2022, 12:28 PM IST
  • വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു
  • മലമ്പുഴ അണക്കെട്ട് തുറന്നു
  • 113.93 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്
അഞ്ചു ദിവസം വ്യാപകമഴയ്ക്ക് സാധ്യത;  9 ഡാമുകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലമ്പുഴ അണക്കെട്ട് തുറന്നിരുന്നു. ഡാമിന്റെ  നാല് ഷട്ടറുകളും പത്ത് സെന്റീമീറ്റര്‍ വീതമായിരുന്നു ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ തൊള്ളായിരത്തി ഇരുപത്തി ആറ് ഘന അടി വെള്ളമാണ് നിലവിൽ പുറത്തേയ്ക്ക് ഒഴുക്കുന്നത്. 

 113.93 മീറ്ററാണ് നിലവില്‍ ഡാമിലെ ജലനിരപ്പ്. വെള്ളം തുറന്ന് ജലനിരപ്പ് ക്രമീകരിക്കുക എന്നത് ലക്ഷ്യമിട്ടാണ് നടപടി. നാല്‍പ്പത്തി അഞ്ച് ദിവസത്തിനിടെ മൂന്നാം തവണയാണ് മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. 

കനത്ത മഴയെത്തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ സംസ്ഥാനത്തെ കെഎസ്ഇബിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഡാമുകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇടമലയാര്‍, കക്കി, ബാണാസുര സാഗര്‍, ഷോളയാര്‍, പൊന്മുടി, കണ്ടള. ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, മൂഴിയാര്‍ എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. 

മാട്ടുപ്പെട്ടി, ആനയിറങ്ങല്‍, പെരിങ്ങല്‍കുത്ത് എന്നീ ഡാമുകളില്‍ ഓറഞ്ച് അലര്‍ട്ടും കുറ്റിയാടി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തില്‍ അടുത്ത 5 ദിവസം  വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്ക്  മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. തമിഴ്‌നാട് മുതല്‍ പടിഞ്ഞാറന്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ്ദപ്പാത്തിയും നിലനില്‍ക്കുന്നു. ഇത് മൂലമാണ് അടുത്ത ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത പ്രവചിക്കപ്പെടുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News