തൃശൂർ: തൃശൂരിൽ കുട്ടി സ്കൂട്ടർ ഓടിച്ചതിന് അമ്മയ്ക്ക് 25,000 രൂപ പിഴ ഈടാക്കി കോടതി ഉത്തരവ്. കൊഴുക്കുള്ളി സ്വദേശിനിക്കാണ് കോടതി പിഴയിട്ടത്. പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവ് ശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു. ജനുവരി ഇരുപതിനാണ് കേസിന് ആസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിക്കുന്നതിനിടെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കുട്ടികളുടെ പ്രായവും വാഹനത്തിന്റെ അമിത വേഗവും കണക്കിലെടുത്ത് വാഹനം ഓടിച്ച കുട്ടിയുടെ മാതാപിതാക്കളെ പ്രതിയാക്കിയാണ് മോട്ടോർ വാഹന വകുപ്പ് കേസെടുത്തത്.
കേസിൽ തൃശൂർ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റാണ് വിധി പ്രഖ്യാപിച്ചത്. വണ്ടി കുട്ടിയുടെ അമ്മയുടെ പേരിലായിരുന്നതിനാൽ അച്ഛനെ കേസിൽ നിന്ന് ഒഴിവാക്കി. കേസിൽ കൊഴുക്കുള്ളി സ്വദേശിയായ യുവതി 25,000 രൂപ പിഴ അടക്കണം എന്നാണ് വിധി. പിഴ അടച്ചില്ലെങ്കിൽ അഞ്ച് ദിവസം തടവുശിക്ഷ അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.
സ്കൂട്ടർ ഓടിച്ച കുട്ടി മാത്രമാണ് ഹെൽമറ്റ് ധരിച്ചിരുന്നത്. മറ്റുള്ളവർ ഹെൽമറ്റ് ധരിച്ചിരുന്നില്ല. അപകടകരമായ രീതിയിൽ അമിത വേഗത്തിലാണ് സ്കൂട്ടർ ഓടിച്ചതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ടി. മഞ്ജിത്തിന്റേതാണ് വിധി. മോട്ടോർ വാഹന നിയമത്തിലെ വിവിധ വകുപ്പുകൾ അടിസ്ഥാനമാക്കിയാണ് ശിക്ഷ വിധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...