യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകൾ പരിഷ്കരിച്ച് സിറ്റി സർവ്വീസ്

ബ്ലൂ, മജന്താ, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 07:05 PM IST
  • ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം കുറഞ്ഞ ചിലവിൽ
  • ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് ഇരുപത്തി നാല് മണിക്കൂർ വരെ പരിധികളില്ലാത്ത യാത്ര
  • നവംബർ അവസാനത്തോടുകൂടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിൽ ശരാശരി പ്രതിദിനം 22000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്
യാത്രക്കാരുടെ ആവശ്യപ്രകാരം റൂട്ടുകൾ  പരിഷ്കരിച്ച് സിറ്റി സർവ്വീസ്

തിരുവനന്തപുരം: നഗരത്തിലെ ഗതാഗതം സമഗ്രമായി പരിഷ്കരിക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിനും ഹോപ് ഓൺ ഹോപ് ഓഫ്  മാതൃകയിൽ ആരംഭിച്ച സിറ്റി സർക്കുലർ സർവീസ് കൂടുതൽ ജനകീയമാക്കുന്നതിനായി റൂട്ടുകൾ പരിഷ്കരിച്ചു. ബ്ലൂ, മജന്താ, വയലറ്റ്, യെല്ലോ, റെഡ് എന്നീ റൂട്ടുകളാണ് പരിഷ്കരിച്ചത്. പേരൂർക്കടയിൽ നിന്നാരംഭിക്കുന്ന മജെന്താ, വയലറ്റ്, യെല്ലോ സർവ്വീസുകൾ  തമ്പാനൂർ വരെ നീട്ടിയിട്ടുണ്ട്. തിരക്കുള്ള സമയങ്ങളിൽ ( രാവിലെ 7 മണി മുതൽ 11 വരെയും വൈകിട്ട് 3 മണി മുതൽ 7 മണി വരെയും ) 10  മിനിറ്റ് ഇടവേളകളിലും ജനതിരക്ക് കുറഞ്ഞ മറ്റു സമയങ്ങളിൽ 30 മിനിറ്റ് ഇടവേളകളിലും സർവീസ് ഉറപ്പു നൽകുന്നു. സിറ്റി സർക്കുലർ സർവീസിൽ എവിടെ നിന്നും എങ്ങോട്ടു യാത്രചെയ്യാനും 10 രൂപ മാത്രമേ ജൂൺ 30 വരെ ടിക്കറ്റ് ചാർജായി ഈടാക്കുകയുള്ളൂ. യാത്രക്കാർക്ക് ബസ് റൂട്ട് പെട്ടെന്ന് തിരിച്ചറിയുന്നതിനായി ബസിന്റെ നാലു വശത്തും റൂട്ട് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്.  ബസ് കടന്നു പോകുന്ന പ്രധാനപ്പെട്ട സ്ഥലങ്ങൾ മുൻ വശത്തും രണ്ടു സൈഡുകളിലുമായി വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ട്.

നവംബർ അവസാനത്തോടുകൂടി ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസിൽ ശരാശരി പ്രതിദിനം 22000 യാത്രക്കാർ യാത്ര ചെയ്യുന്നുണ്ട്.  ഏപ്രിൽ 18 വരെ വിദ്യാർത്ഥികൾ സൗജന്യ പാസുകൾ  ഉപയോ​ഗിച്ചും യാത്ര ചെയ്തു.   പതിനാറര ലക്ഷം യാത്രക്കാർ ടിക്കറ്റെടുത്ത്  യാത്ര ചെയ്തിട്ടുണ്ട്. ഒരു കോടി അറുപത്തിഅഞ്ചു ലക്ഷം  രൂപ വരുമാനവും ലഭിച്ചിട്ടുണ്ട്.   വിദ്യാർത്ഥികൾ സൗജന്യ പാസുകളും സിറ്റി സർക്കുലർ സർവീസ് ഉപയോഗിക്കുന്നുണ്ട്.  സിറ്റി സർക്കിളുകളിൽ സ്ഥിരം യാത്രക്കാർ നിരവധിയാണ്. നാളിതുവരെ  ബ്രൗൺ സർക്കിളിൽ മൂന്ന് ലക്ഷത്തി എഴുപതിനായിരം പേരും, യെല്ലോ സർക്കിളിൽ മൂന്ന് ലക്ഷം പേരും, ഗ്രീൻ സർക്കിളിൽ രണ്ടു ലക്ഷത്തി അമ്പതിനായിരം പേരും യാത്ര ചെയ്തിട്ടുണ്ട്. സിറ്റി ഷട്ടിൽ ബസുകളിൽ ലിങ്ക്ഡ് ടിക്കറ്റ് സാർവത്രികമാകുന്ന മുറക്ക് സിറ്റി സർക്കുലർ ബസുകളിലെ യാത്രക്കാർക്ക് മറ്റ് ടിക്കറ്റ് എടുക്കാതെ കൂടുതൽ യാത്രാ സൗകര്യവും ലഭ്യമാക്കും.

ചെലവ് കുറഞ്ഞ യാത്ര സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടൊപ്പം സുഗമമായ നഗരഗതാഗതവും സിറ്റി സർക്കുലർ സർവീസ് പ്രധാനം ചെയ്യുന്നു. സിറ്റി സർക്കുലർ ബസുകളുടെ വരവോടു കൂടി നഗരത്തിനകത്തെ പൊതുഗതാഗതം ശക്തിപ്പെട്ടിട്ടുണ്ട്. പല യാത്രക്കാരും സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി സിറ്റി സർക്കുലർ ബസുകളെ ആശ്രയിച്ചു തുടങ്ങി. ഉടൻ തന്നെ യാത്രാക്കാരുടെ അഭിപ്രായങ്ങൾ അറിയാനുള്ള സർവ്വെയും ആരംഭിക്കും.

സ്വകാര്യ വാഹനങ്ങൾ മൂലം നഗരത്തിന്റെ ഹൃദയ ഭാഗത്തു സംഭവിച്ചു കൊണ്ടിരിക്കുന്ന ഗതാഗത കുരുക്ക്  കുറക്കുവാനും അത് വഴി യാത്ര സുഗമമാക്കുവാനും സിറ്റി സർക്കുലർ സർവീസിലൂടെ സാധിച്ചിട്ടുണ്ട് നാളിതുവരെ യാത്രാസൗകര്യം ഇല്ലാതിരുന്ന പല റൂട്ടുകളിലേക്കും സിറ്റി സർക്കുലർ ബസ് വന്നതോടുകൂടി യാത്ര സൗകര്യം വർധിച്ചിട്ടുണ്ട്. ആ ഭാഗങ്ങളിൽ നിന്നും ജനങ്ങളുടെ വളരെയധികം പിന്തുണയാണ് സിറ്റി സർക്കുലർ ബസിനു ലഭിച്ചു കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ മറ്റു പ്രധാന നഗരങ്ങളായ എറണാകുളം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സിറ്റി സർക്കുലർ സർവീസ് തുടങ്ങുന്നതിന്റെ സാധ്യത പഠനം ഉടൻ ആരംഭിക്കുന്നതാണ്. ഇതിനായി സ്പെഷ്യൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്.

Read also: യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ചാർജ് വർധന മെയ് 1 മുതൽ
ജനങ്ങൾക്ക് മെച്ചപ്പെട്ട യാത്ര സൗകര്യം കുറഞ്ഞ ചിലവിൽ ലഭിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് സിറ്റി സർക്കുലർ സർവീസിന്റെ യാത്ര നിരക്ക് 10 രൂപയായി നിശ്ചയിചിരിക്കുന്നത്. നിലവിൽ ഇ ഓഫർ ജൂൺ 30 വരെ ദീർപ്പിച്ചിട്ടുമുണ്ട്.  സിറ്റി ഷട്ടിൽ സർവീസിൽ നിന്ന് ലിങ്ക്ഡ് ടിക്കറ്റ് എടുക്കുന്ന യാത്രക്കാർക്ക് സിറ്റി സർക്കുലർ സർവീസിൽ പ്രത്യേകം ടിക്കറ്റ് എടുക്കേണ്ട ആവശ്യം വരുന്നില്ല. ടുഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് അന്നേ ദിവസം പരിധികളില്ലാതെ യാത്ര ചെയ്യാവുന്നതാണ്. ഗുഡ് ഡേ ടിക്കറ്റ് എടുക്കുന്നതിലൂടെ യാത്രക്കാർക്ക് ഇരുപത്തി നാല് മണിക്കൂർ വരെ പരിധികളില്ലാത്ത യാത്ര ചെയ്യാവുന്നതാണ്

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News