കൊച്ചി: സിവിക് ചന്ദ്രൻ കേസിൽ വിവാദ പരാമർശം നടത്തിയ ജഡ്ജിയുടെ ട്രാൻസ്ഫർ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജില്ലാ ജഡ്ജി എസ് കൃഷ്ണകുമാർ നൽകിയ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാർ, മൊഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. വിവാദ പരാമർശത്തെ തുടർന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇത് ചട്ട വിരുദ്ധമാണെന്ന് കാണിച്ചായിരുന്നു ജഡ്ജി ഹർജി സമർപ്പിച്ചത്.
നേരത്തെ സ്ഥലം മാറ്റ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നടപടിയിൽ നിയമപരമായ ഒരു അവകാശവും ഹനിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു അന്ന് കോടതി നിരീക്ഷിച്ചത്. ചുമതല നൽകുന്ന സ്ഥലത്ത് ജോലി ചെയ്യേണ്ട ഉത്തരവാദിത്വം ജഡ്ജിനുണ്ടെന്നായിരുന്നു കോടതിയുടെ നിലപാട്. മുൻവിധികൾ വേണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ജില്ലാ കോടതി ജഡ്ജിക്ക് തത്തുല്യമായ തസ്തികയാണ് ലേബർ കോടതി ജഡ്ജിയുടേതെന്ന് പറഞ്ഞ കോടതി സ്ഥലം മാറ്റ ഉത്തരവിൽ ഇടപെടാൻ കാരണമില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എസ് കൃഷ്ണകുമാര്‍ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
Also Read: ലൈംഗികാതിക്രമ കേസിൽ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ച ജഡ്ജിയുൾപ്പെടെ നാല് പേർക്ക് സ്ഥലംമാറ്റം
മൂന്ന് വർഷത്തിനിടെ ഒരാളെ കാരണമില്ലാതെ സ്ഥലം മാറ്റരുതെന്ന നിയമം ലംഘിക്കപ്പെട്ടുവെന്നായിരുന്നു കൃഷ്ണകുമാറിന്റെ വാദം. സ്വാഭാവിക നീതി നിഷേധിച്ചുവെന്നും അടുത്ത മെയ് 31ന് വിരമിക്കാനിരിക്കുന്ന തനിക്ക് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കാൻ അർഹതയുണ്ടെന്നും എസ് കൃഷ്ണകുമാർ വാദിച്ചിരുന്നു. സിവിക് ചന്ദ്രന് എതിരായ ലൈംഗിക പീഡന കേസിലെ മുൻകൂർ ജാമ്യ ഉത്തരവിലെ വിവാദ പരാമർശത്തിന് പിന്നാലെയായിരുന്നു ജഡ്ജിയെ സ്ഥലം മാറ്റിയത്.
ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ച് കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. "ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്" പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നുമായിരുന്നു സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ചുള്ള ഉത്തരവിൽ സെഷൻസ് ജഡ്ജി എസ്.കൃഷ്ണകുമാർ പറഞ്ഞത്.
കൃഷ്ണകുമാറിനൊപ്പം മറ്റ് മൂന്ന് ജില്ലാ ജഡ്ജിമാരെയും സ്ഥലംമാറ്റിയിരുന്നു. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ്‌കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...