ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം അനുവദിച്ച കോഴിക്കോട് കോടതിയുടെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്. സർക്കാർ നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതി നടപടി എടുത്തിരിക്കുന്നത്. അതേസമയം അറസ്റ്റ് പാടില്ലെന്നും ഹൈകോടതി അറിയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ വസ്ത്രധാരണം പ്രകോപനം ഉണ്ടാകുന്നതാണെന്ന ഉത്തരവിനെതിരെയും സ്റ്റേ ഏർപ്പെടുത്തിയിട്ടുണ്ട്. "ലൈംഗികപരമായി പ്രകോപനം ഉണ്ടാക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ്" പരാതിക്കാരി ധരിച്ചിരുന്നതെന്നും, സെക്ഷൻ 354 പ്രകാരം പ്രഥമദൃഷ്ട്യാ കേസ് എടുക്കാനാകില്ലെന്നും കോഴിക്കോട് കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ വിവാദ പരാമർശം നടത്തിയ കോഴിക്കോട് ജില്ലാ ജഡ്ജി എസ്. കൃഷ്ണകുമാർ ഉൾപ്പെടെ നാല് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റുകയും ചെയ്തു.
ഹൈക്കോടതി ഭരണവിഭാഗമാണ് ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയത്. കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറാക്കി. പകരം മഞ്ചേരി ജില്ലാ ജഡ്ജി എസ്. മുരളീകൃഷ്ണനെ കോഴിക്കോട് ജില്ലാ ജഡ്ജിയായി നിയമിച്ചു. എറണാകുളം അഡീ. ജില്ലാ ജഡ്ജിയായിരുന്ന സി.പ്രദീപ്‌കുമാറിനെ മഞ്ചേരി ജില്ലാ ജഡ്ജിയായും കൊല്ലം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായിരുന്ന ഡോ. സി.എസ്. മോഹിത്തിനെ എറണാകുളം ലേബർ കോടതി പ്രിസൈഡിങ് ഓഫീസറായും നിയമിച്ചു.
ലൈംഗികാതിക്രമക്കേസിൽ സിവിക് ചന്ദ്രന് മുൻകൂർജാമ്യം അനുവദിച്ചപ്പോൾ കോഴിക്കോട് സെഷൻസ് കോടതി നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ആ ഉത്തരവാണ് ഇപ്പോൾ ഹൈകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. 74 വയസുകാരനായ ശാരീരിക വൈകല്യം ഉള്ള ഒരു പുരുഷൻ പരാതിക്കാരിയെ ബലമായി മടിയിൽ ഇരുത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ര്‍ശിച്ചു എന്നത് വിശ്വസിക്കാൻ കഴിയില്ലെന്ന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചപ്പോൾ പറഞ്ഞിരുന്നു.
2020 ഫെബ്രുവരി 8ന് കൊയിലാണ്ടി നന്തി കടൽത്തീരത്തുനടന്ന കവിത ക്യാമ്പിനെത്തിയപ്പോൾ സിവിക് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു യുവതിയുടെ പരാതി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 എ (2), 341, 354 വകുപ്പുകൾ പ്രകാരം കേസ് എടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...