നമ്മുടെ തെരുവുകളിൽ കഴിയുന്ന അനാഥത്വം പേറുന്ന കുഞ്ഞുമക്കളെ നമുക്ക് എങ്ങനെ മറക്കാനാകും. അവർ എങ്ങനെയാണ് അനാഥരായത്, എന്തുകൊണ്ട് അനാഥരായി എന്നുള്ള ചോദ്യങ്ങൾ ഇതുമായി ബന്ധപ്പെടുത്തുമ്പോൾ ഒരു ചെറുപ്പക്കാരൻ്റെ കൺസപ്റ്റ് ഫോട്ടോഗ്രാഫിക്കുള്ള പ്രാധാന്യം എത്രത്തോളമാണെന്ന് വ്യക്തമാക്കാനാകും. അരുൺരാജിൻ്റെ ചിത്രങ്ങൾ ഇത് പറയുന്നുണ്ട്. മുമ്പും കൺസപ്റ്റ് ഫോട്ടോഗ്രാഫിയിലൂടെ അരുൺ ശ്രദ്ധ നേടിയിരുന്നു.
പ്രസവിച്ച ശേഷം അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കുന്ന പിഞ്ചോമനങ്ങൾ നിരവധിയുള്ള നാടാണ് നമ്മുടേത്. ഒട്ടിയ വയറിനും ആരോരുമില്ലാത്തവർക്കും പറയാൻ ഒരായിരം കഥകളുണ്ട്. ജീവിതയാത്രയിൽ അവർ നേരിടേണ്ടിവന്ന കയ്പ്പേറിയ അനുഭവങ്ങളുടെ കണ്ണുനനയിക്കുന്ന ഒരായിരം കഥകൾ. പൊക്കിൾകൊടി ബന്ധം അറുത്തുമാറ്റപ്പെടുന്ന നിമിഷം മുതൽ തെരുവിന്റെ സന്തതിയായി മാറുന്ന എത്രയെത്ര ജീവനുകൾ നമുക്ക് ചുറ്റുമുണ്ട്. എല്ലാവരും ഉണ്ടായിട്ടും തെരുവിന്റെ മക്കളെന്ന് കാലം മുദ്രകുത്തിയവർ. അത് എത്രത്തോളമാണെന്ന് കാട്ടിത്തരും ഹൃദയതലസ്പർശിയായി അരുൺ അവതരിപ്പിക്കുന്ന ചിത്രങ്ങൾ. കൺസെപ്റ്റ് ഫോട്ടോഗ്രാഫിയിൽ അഭിനയിച്ചിരിക്കുന്നത് അമൃത പ്രണവ്, കണ്ണകി, സായൂജ്യ എന്നിവരാണ്. ചിത്രത്തിനുള്ള തലക്കെട്ട് നൽകിയിരിക്കുന്നത് ആര്യയാണ്.
അരുൺ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
സാഹചര്യങ്ങളാണ് ചിലപ്പോഴെങ്കിലും മനുഷ്യനെ കഠിനഹൃദയനാക്കുന്നത്. ജന്മം നൽകിയവർ തന്നെ ഇരുളിന്റെ മറവിൽ തങ്ങളുടെ കുഞ്ഞുങ്ങളെ തെരുവിലേക്ക് വലിച്ചെറിയുമ്പോൾ ആ കുഞ്ഞുങ്ങൾക്ക് നഷ്ടമാകുന്നത് അവരുടെ മേൽവിലാസം മാത്രമല്ല മറിച്ച് വർണചിറകുവിരിച്ച് പാറിപറക്കേണ്ട നിഷ്കളങ്ക ബാല്യം കൂടിയാണ്. ആർക്കും വേണ്ടാതെ അന്യന്റെ ദയവിനായി കാത്തിരിക്കുന്ന എത്രയോ ബാല്യങ്ങളുണ്ട്.
ആഗ്രഹങ്ങൾക്കൊപ്പം സഞ്ചരിക്കാൻ കഴിയാതെ വിശപ്പിന്റെ വിളിയെ പച്ചവെള്ളത്തിൽ ശമിപ്പിക്കേണ്ടി വരുന്ന ഇരുളിന്റെ തടവറായാൽ അകപ്പെട്ടു പോകാറുള്ള എത്രയോ ജീവനുകൾ! അവർക്കു പറയാൻ ഒത്തിരിയൊത്തിരി സ്വപ്നങ്ങളുണ്ടാകും. അവരുടെ സ്വപ്നങ്ങൾക്ക് കൂട്ടായി നന്മയുടെ കരങ്ങൾ നീട്ടാൻ നമ്മൾ ഓരോരുത്തരും തയ്യാറാകുമ്പോഴാണ് അക്ഷരാർത്ഥത്തിൽ നാം ഓരോരുത്തരും നമ്മളിലെ ദൈവത്തെ തിരിച്ചറിയുന്നത്.
അനാഥത്വം ഇരുട്ടിലാക്കിയവർക്കും നിറവേറ്റാൻ ആഗ്രഹങ്ങളും മോഹങ്ങളുമൊക്കെയുണ്ടാകും. അതിലേക്കൊക്കെ എത്തിപ്പെടാനും ജീവിതത്തിന് തിളക്കം നൽകാനും അന്യന്റെ പാദരക്ഷകൾ വരെ തിളക്കമുള്ളതാക്കാൻ ശ്രമിക്കുന്ന പിഞ്ചുകൈകൾ. നന്മയുടെ ഉറവവറ്റാത്ത ഒരു കൂട്ടം മനുഷ്യർ ഉള്ളതുകൊണ്ട് മാത്രം ഈ ഭൂമി സ്വർഗമാണെന്നുപറയാം.
എന്നാൽ അഹംഭാവവും സ്വാർത്ഥതയും തലയ്ക്കുപിടിച്ച ഒരുവലിയ ജനക്കൂട്ടവും നമ്മുടെ ലോകത്തുണ്ട്. സ്വർഗസുന്ദരമായ ഭൂമിയെ നരകതുല്യമാക്കുവാൻ ചില മനുഷ്യർക്ക് നിഷ്പ്രയാസം സാധിക്കും. തെരുവ് പട്ടികളെപറ്റി പോലും സംസാരിക്കാൻ മനുഷ്യനുള്ള ഈ നാട്ടിൽ തെരുവ് കുട്ടികളെപ്പറ്റി സംസാരിക്കാൻ ഒരു പട്ടിയുമില്ലെന്നുള്ള തിരിച്ചറിവിൽ നിന്നും തന്നെയാകട്ടെ ഇനിയും അവരുടെ ജീവിതം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...