കുമ്പസാരം മറയാക്കി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികന്‍

കേസില്‍ മൂന്നാം പ്രതിയായ ഫാ. ജോണ്‍സണ്‍ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയത്. 

Last Updated : Jul 13, 2018, 05:05 PM IST
കുമ്പസാരം മറയാക്കി ലൈംഗിക പീഡനം: കുറ്റം സമ്മതിച്ച് വൈദികന്‍

തിരുവല്ല: കുമ്പസാര രഹസ്യം മറയാക്കി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വൈദികന്‍ കുറ്റം സമ്മതിച്ചു. കേസില്‍ മൂന്നാം പ്രതിയായ ഫാ. ജോണ്‍സണ്‍ വി. മാത്യൂവാണ് അന്വേഷണ സംഘത്തിന് മുന്‍പാകെ കുറ്റസമ്മതം നടത്തിയത്. 

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ തിരുവല്ലയില്‍ നിന്നാണ് ഫാ. ജോണ്‍സണ്‍ മാത്യൂവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്നതിനാണ് വൈദികനെതിരെ കേസ് ചുമത്തിയിരിക്കുന്നത്. 

ഫാ. ജോണ്‍സണ്‍ ഫോണിലൂടെ അശ്ലീല ചുവയുള്ള സംഭാഷണം നടത്തിയെന്നും ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നും യുവതി മൊഴി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ബലാത്സംഗ കുറ്റത്തില്‍ നിന്നും ഫാ. ജോണ്‍സണെ ഒഴിവാക്കിയിരുന്നു. 

അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഫാ. എബ്രഹാം വര്‍ഗീസിന്‍റെ മുണ്ടയാപ്പള്ളിയിലെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി.

ഡിവൈഎസ്പി ജോസി ചെറിയാന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്. എബ്രഹാം വര്‍ഗീസ് ഒളിവില്‍പോയ സാഹചര്യത്തിലാണ് വീട്ടില്‍ പൊലീസ് പരിശോധനയ്ക്കായി എത്തിയത്.

കേസിലെ രണ്ടാം പ്രതി കറുകച്ചാല്‍ കരുണഗിരി ആശ്രമത്തിലെ ഫാ. ജോബ് മാത്യൂ ഇന്നലെ കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്‍പാകെ കീഴടങ്ങിയിരുന്നു. ഇയാളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ്‌ ചെയ്ത് പത്തനംതിട്ട സബ് ജയിലിലേക്ക് അയച്ചു.

കേസിലെ ഒന്നാം പ്രതി ഫാ. സോണി വര്‍ഗീസ്‌, നാലാം പ്രതി ഫാ, ജെയ്സ് കെ. ജോര്‍ജ് എന്നിവരെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇവര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

More Stories

Trending News