കൊച്ചി: അഭിപ്രായ വ്യത്യാസങ്ങളില്ലാതെ ഐക്യത്തോടെയാണ് ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ കണ്ടെത്താനും മത്സരിപ്പിക്കാനും അടുത്ത കാലത്തൊന്നും കെ.പി.സി.സിക്ക് സാധിച്ചിട്ടില്ല.അതുകൊണ്ടു തന്നെ ഇതൊരു ചരിത്ര സംഭവമാണെന്നും കെ.സുധാകരൻ പറഞ്ഞു. യു.ഡി.എഫ് വിജയിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. ജനാധിപത്യ മതേതര ശക്തിടെ മണ്ഡലമായ തൃക്കാക്കരയുടെ രാഷ്ട്രീയം എന്നും കോണ്‍ഗ്രസിന്റെ രാഷ്ട്രീയമാണ്.കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ച മണ്ഡലമാണ് തൃക്കാക്കര.അതുകൊണ്ടു തന്നെ വിജയം ഉറപ്പാണ്.വിജയത്തിന് ഇടങ്കോലിടുന്ന ഒരു ശക്തികളും യുഡിഎഫിലില്ലെന്നും കെ.സുധാകരൻ പറഞ്ഞു.എല്‍.ഡി.എഫിന്റെ അശക്തിയും യു.ഡി.എഫിന്റെ ശക്തിയും വിജയം സുനിശ്ചിതമാക്കും.നട്ടെല്ലുണ്ടെങ്കില്‍ വികസനത്തെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് സി.പി.എം തയാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലേത് വികസന വാദികളും വികസന വിരുദ്ധരും തമ്മിലുള്ള തര്‍ക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അഭിപ്രായപ്പെട്ടു.വികസനം ചര്‍ച്ചയാക്കാനുള്ള അജണ്ടയെ സ്വാഗതം ചെയ്യുന്നു.അപ്പോള്‍ ഞങ്ങള്‍ക്ക് എറണാകുളം ജില്ലയുടെ വികസന ചരിത്രം പറയേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സില്‍വര്‍ലൈന്‍ കൊണ്ടുവന്ന് തൃക്കാക്കരയെ രക്ഷപ്പെടുത്തുമെന്നാണ് പറയുന്നത്.തൃക്കാക്കരയിലൂടെ സില്‍വര്‍ ലൈനൊന്നും പോകുന്നില്ല.കുന്നത്ത് നാട് മണ്ഡലത്തിലൂടെയാണ് സില്‍വര്‍ ലൈന്‍ പോകുന്നത്.മെട്രോ റെയില്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് കൊണ്ടുവന്നത്.അതിനെതിരെ ഇപ്പോഴത്തെ മന്ത്രി സമരം ചെയ്തിട്ടുണ്ട്.ആ മെട്രോ റെയിലിന്റെ രണ്ടാംഘട്ടം തൃക്കാക്കരയിലേക്കായിരുന്നു.ആറ് വര്‍ഷം കൊണ്ട് ഇത് നടപ്പാക്കാനായില്ല.പാലാരിവട്ടത്ത് നിന്നും കാക്കനാടേക്ക് മെട്രോ എക്സ്റ്റന്‍ഷന്‍ കൊണ്ടു വരാന്‍ പറ്റാത്തവരാണ് രണ്ടു ലക്ഷം കോടിക്ക് സില്‍വര്‍ ലൈന്‍ നടപ്പാക്കുമെന്ന് പറയുന്നത്.ഈ കമ്മീഷന് റെയില്‍ പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
''എല്‍ഡിഎഫിനോടും യുഡിഎഫിനോടും മാധ്യമങ്ങള്‍ കാട്ടുന്നത് ഇരട്ടനീതി''
യുഡിഎഫ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം തീരുമാനിച്ചത് പാർട്ടിയിലെ ഐക്യത്തിന് തെളിവാണെന്നും വി.ഡി. സതീശൻ പറഞ്ഞു.സിപിഎം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചില്ലെന്നും പ്രഖ്യാപിച്ചെന്ന് പറയുകയും പിന്നീട് മതിലെഴുതുകയും അത് മായ്ക്കുകയും ചെയ്ത സംഭവങ്ങള്‍ വരെയുണ്ടായി. ഇതിനു കാരണം എറണാകുളം ജില്ലയിലെ സിപിഎമ്മിനുള്ളിലെ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്നമാണ്.എന്നാല്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമം പോലും തയാറായില്ല.കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരു മണിക്കൂര്‍ വൈകിയാല്‍,കോണ്‍ഗ്രസില്‍ പൊട്ടിത്തെറി,കലാപം തുടങ്ങിയ വാക്കുകള്‍ ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ മാധ്യമങ്ങള്‍ ശ്രമിക്കുമായിരുന്നു.എന്നാല്‍ സിപിഎമ്മുമായി ബന്ധപ്പെട്ട് അത്തരമൊരു വാര്‍ത്ത ഒരു തരത്തിലും വന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.കഴിഞ്ഞ കുറച്ച് ദിവസമായി കോണ്‍ഗ്രസ് നേതാക്കളുടെ പിന്നാലെ,മുഖ്യമന്ത്രി പറയുന്നതു പോലെ കോലുമായി മാധ്യമങ്ങള്‍ നടക്കുകയാണ്.അവിടെ നിന്ന് വീണു കിട്ടുന്ന എന്തെങ്കിലും പെരുപ്പിച്ച് വാര്‍ത്തയാക്കുകയാണ് ലക്ഷ്യം.എല്ലാദിവസവും തോപ്പുംപടിയിലെ ഒരു വീട്ടില്‍ച്ചെന്ന് ഒരാളോട് അഭിപ്രായം ചോദിച്ച് വാര്‍ത്തയുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ ആകെ പ്രശ്നങ്ങളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു.രണ്ടു നീതിയാണ് മാധ്യമങ്ങൾ എല്‍.ഡി.എഫിനോടും യു.ഡി.എഫിനോടും കാട്ടുന്നതെന്നും വി.ഡി.സതീശൻ പറഞ്ഞു.
കിട്ടുന്ന എല്ലാ അവസരങ്ങളിലും മാധ്യമങ്ങൾ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തുകയും അപമാനിക്കുകയുമാണ്. ഇനി അത് വേണ്ട. അത് ശരിയല്ല. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കും തുറന്ന് പറയേണ്ടിവരും. മുഖ്യമന്ത്രി സംസാരിക്കുന്ന ഭാഷയില്‍ മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നവരല്ല യു.ഡി.എഫ് നേതാക്കള്‍. എപ്പോള്‍ വന്ന് ഏത് കാര്യത്തെ കുറിച്ച് ചോദിച്ചാലും ഒരു മടിയും കൂടാതെ മറുപടി നല്‍കുന്നത് ഞങ്ങളുടെ ദൗര്‍ബല്യമായി എടുക്കരുതെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...