തിരുവനന്തപുരം: കോൺഗ്രസ് പുന:സംഘടന പ്രതിസന്ധയിൽ. താഴെ തട്ടിൽ മാത്രം ഇരട്ട പദവി ഒഴുവാക്കുന്നതിനെതിരെ എ ഗ്രൂപ്പ് രംഗത്ത്. തീരുമാനങ്ങൾ എടുക്കുമ്പോൾ കൂടിയാലോചന നടത്തിയില്ലെന്നും ആരോപണം. ശക്തി പ്രകടമാക്കാൻ തയ്യാറായി ഐ ഗ്രൂപ്പ്. പുന:സംഘടനയ്ക്കായി രൂപം നൽകിയ സമതിയ്ക്ക് എതിരെയും വിമർശനം. മാർച്ചിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞ കോൺഗ്രസ് പുന:സംഘടനയിൽ തുടക്കത്തിൽ തന്നെ കല്ലുകടി.
പുന:സംഘടനയ്ക്കായി രൂപീകരിച്ച ജില്ലാ സമിതിയ്ക്ക് എതിരെ പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി. ഇടഞ്ഞു നിൽക്കുന്നത് എ ഗ്രൂപ്പാണ്. കോൺഗ്രസ് പുന:സംഘടന കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. പുന:സംഘടനയ്ക്കായി രൂപീകരിച്ച ജില്ലാ സമിതിക്കെതിരെ ജില്ലാ കമ്മിറ്റി അംഗങ്ങളും നേതാക്കളും പരസ്യമായി രംഗത്ത് എത്തിയിരിക്കുകയാണ്. ജില്ലയില്‍ നിന്നുള്ള കെ.പി.സി.സി ഭാരവാഹികൾ, എം.എൽ.എമാർ, എം.പിമാർ തുടങ്ങിയവരും ഉൾപ്പെടുന്നതാണ് സമിതി. ഇതിനെതിരെയാണ് പല ജില്ലകളിലും നേതാക്കൾ പരസ്യമായി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്.
ഈ കമ്മിറ്റിതന്നെ രീപികരിച്ചിരിക്കുന്നത് ഗ്രൂപ്പ് നോക്കിയാണെന്നാണ് ഇവരുടെ വാദം. ബ്ലോക്ക് കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളുമാണ് പുസംഘടിപ്പിക്കുന്നത്. തലസ്ഥാന ജില്ലയില്‍ അടക്കം ഇതിനെതിരെ പരസ്യമായി യോഗം ചേരുകയും ചെയ്തു. ഇരട്ട പദവി ഒഴിവാക്കാനുള്ള നിർദ്ദേശം കൂടിയാലോചനകൾ ഇല്ലാതെ എടുത്തതിനെതിരെ കടുത്ത അമർഷത്തിലാണ് എ ഗ്രൂപ്പ്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും കൽപ്പറ്റ എം.എൽ.എ ടി സിദിഖിനും ഇരട്ട പദവി ആകാമെങ്കിൽ താഴെ തട്ടിലുള്ളവർക്കും ഇത് ആകാമെന്ന നിലപാടാണ് എ ഗ്രൂപ്പിനുള്ളത്.
അതുകൊണ്ട് തന്നെ ചർച്ചയ്ക്ക് വരുമ്പോള്‍ ഈ വാദം ഉയർത്തി തടയിടാനാണ് അവരുടെ തീരുമാനം. അങ്ങനെ വരുമ്പോൾ എ ഗ്രൂപ്പിന് ശക്തിയുള്ള എല്ലാ ജില്ലകളിലും പുന:സംഘടനയിൽ ശക്തമായ എതിർപ്പ് രേഖപ്പെടുത്തും. ഐ ഗ്രൂപ്പ് ആകട്ടെ പരമാവധി തങ്ങളുടെ ആളുകളെ ജില്ലാകമ്മിറ്റികളിലും നേതൃത്വ നിരയിലും എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ജില്ലാ കമ്മിറ്റികൾക്ക് താഴെ ഉള്ളവരുടെ ഇരട്ട പദവി ഒഴിവാക്കിയാൽ മതിയെന്നാണ് കെ.പി.സി.സി നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. അതുകൊണ്ട് തന്നെ കോഴിക്കോട് ജില്ലയിലെ പുന:സംഘടനയിൽ ടി സിദ്ദിഖിനെതിരെ ശക്തമായ നിലപാടാവും എ ഗ്രൂപ്പ് സ്വീകരിക്കുക.
ശശി തരൂരിനെ എല്ലാവരും മാറ്റി നിര്‍ത്തിയപ്പോള്‍ കോട്ടയത്ത് പരിപാടിയിലേക്ക് ക്ഷണിച്ച് കരുത്ത് തെളിയിച്ചവരാണ് എ ഗ്രൂപ്പുകാർ. അതുകൊണ്ട് തന്നെ കോട്ടയം ജില്ല എളുപ്പത്തിൽ പിടിച്ചെടുക്കാൻ ഐ ഗ്രൂപ്പിന് കഴിയില്ല. എറണാകുളം ജില്ലയിൽ ഐ ഗ്രൂപ്പിനാണ് ശക്തി കൂടുതൽ. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ സി.പി.എമ്മും ബി.ജെ.പിയും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ കോൺഗ്രസിൽ പുന:സംഘടന പോലും ഇതുവരെ പൂർത്തിയാക്കാന്‍ കഴിയാത്തത് നേതൃത്വത്തിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്. എ ഗ്രൂപ്പും ഐ ഗ്രൂപ്പും തമ്മിലുള്ള തർക്കം പരിഹരിച്ചില്ലെങ്കിൽ മാർച്ചിന് മുമ്പ് എങ്ങനെ പുന:സംഘടന പൂർത്തിയാക്കാൻ കഴിയുമെന്ന ആശങ്കയും നിലനിൽക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...