കൊറോണ വൈറസ്; സംശയം കൊച്ചിയിലും, ഒരാള്‍ ആശുപത്രിയില്‍!

ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ സംശയിച്ച് കൊച്ചിയിലും ഒരാള്‍ നിരീക്ഷണത്തില്‍!

Updated: Jan 24, 2020, 04:01 PM IST
കൊറോണ വൈറസ്; സംശയം കൊച്ചിയിലും, ഒരാള്‍ ആശുപത്രിയില്‍!
Representational Image

കൊച്ചി: ചൈനയെ ഭീതിയിലാഴ്ത്തിയ അജ്ഞാത വൈറസ് ബാധ സംശയിച്ച് കൊച്ചിയിലും ഒരാള്‍ നിരീക്ഷണത്തില്‍!

ചൈനയില്‍നിന്ന് നാട്ടിലെത്തിയ യുവാവാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 

കടുത്ത പനിയെയും ചുമയും തുടര്‍ന്ന് വെള്ളിയാഴ്ചയാണ് യുവാവ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയത്. കൊറോണ ബാധ സംശയിച്ച ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ കളമശ്ശേരി മെഡിക്കല്‍ കേളേജിലേക്ക് മാറ്റുകയായിരുന്നു.

കൂടുതല്‍ പരിശോധനകള്‍ക്കായി സ്രവം പൂണെയിലെ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കും. മറ്റ് വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലുണ്ട്. ഇവര്‍ നിലവില്‍ പൂര്‍ണ്ണ ആരോഗ്യവതിയാണെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചത്. 

ചൈനയില്‍ ഇരുപത്തിയാറു പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയേറ്റ് മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ വുഹാന്‍ സിറ്റിയിലാണ് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ചത്. 

ചൈനയ്ക്കുപുറമേ തായ്‌ലാന്‍ഡ്, തയ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്, മക്കാവു, ഹോങ്കോങ്ക്, വിയറ്റ്‌നാം, സൗദി, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളും വിവിധ വിമാനത്താവളങ്ങളില്‍ മെഡിക്കല്‍ സംഘത്തിന്റെ പ്രവര്‍ത്തനം ഉറപ്പുവരുത്തിയിട്ടുണ്ട്.

കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട അജ്ഞാത വൈറസാണ് രോഗം പടര്‍ത്തുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ നിഗമനം. കടുത്ത ന്യുമോണിയയാണ് ലക്ഷണം. 

2002 - 2003 വര്‍ഷങ്ങളില്‍ ചൈനയിലും ഹോങ്കോങ്ങിലും കൊറോണ വൈറസ് പടര്‍ത്തിയ സാര്‍സ് രോഗംമൂലം 770 -ലേറെപ്പേരാണ് മരിച്ചത്.

1723 പേരെ ഇതിനകം വൈറസ് ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ഞായറാഴ്ച വെളിപ്പെടുത്തിയിരുന്നു. ചൈന സന്ദര്‍ശിക്കുന്ന ഇന്ത്യക്കാര്‍ക്ക് അധികൃതര്‍ സുരക്ഷാ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.

ലണ്ടനിലെ ഇംപീരിയൽ കോളേജിലെ എം.ആർ.സി. സെന്റർ ഫോർ ഗ്ലോബൽ ഇൻഫെക്ഷ്യസ് ഡിസീസസ് അനാലിസിസിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ബ്രിട്ടീഷ് സർക്കാരിൻറെയും ലോകാരോഗ്യസംഘടനയുടെയും ഉപദേശക സംഘടനയാണിത്.

ചൈനയിലെ വുഹാനിൽ ഡിസംബറിലാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയിലെ ജനങ്ങള്‍ക്ക് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 

ചൈനയിലെ ഏഴ് നഗരങ്ങളിലായി രണ്ട് കോടിയോളം വരുന്ന ജനങ്ങള്‍ക്കാണ് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ചൈനീസ് പുതുവല്‍സരാഘോഷം ശനിയാഴ്ച തുടങ്ങാനിരിക്കെ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏഴ് നഗരങ്ങളിലായി സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.