കൊച്ചി: ED Summons Thomas Isaac: കിഫ്ബി മസാല ബോണ്ട് കേസിൽ സിപിഎം നേതാവും മുൻ ധനമന്ത്രിയുമായ തോമസ് ഐസകിന് വീണ്ടും എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകി. ചോദ്യം ചെയ്യലിനായി ഈ മാസം 11 ന് ഹാജരാകണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഇത് രണ്ടാമത്തെ തവണയാണ് തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകുന്നത്. കൊച്ചിയിലെ ഇഡി ഓഫീസിലാണ് ഹാജരാകേണ്ടത്. കിഫ്ബി പ്രവര്‍ത്തനങ്ങള്‍ നിയമാനുസൃതമല്ലെന്നും ക്രമക്കേടുകള്‍ ഉണ്ടെന്നുമുള്ള സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം.
Also Read: KIIFB Masala Bond: കിഫ്ബിക്കെതിരായ എൻഫോഴ്സ്മെന്‍റ് അന്വേഷണം: തോമസ് ഐസക് ഹാജരാകില്ല
കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ വിദേശത്തു നിന്നും പണം കൈപ്പറ്റിയെന്നും മസാല ബോണ്ട് ഇറക്കാനായി റിസര്‍വ് ബാങ്കിന്റെ അനുമതി തേടിയതില്‍ ക്രമക്കേടുണ്ടായോ എന്നുമാണ് ഇഡിയുടെ അന്വേഷണം. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരെത്തെ ഇ ഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക് അന്ന് കിഫ്ബി വൈസ് ചെയർമാനായിരുന്നു.
ജൂലൈ 18ന് ഹാജരാകണമെന്ന് ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും മന്ത്രി ഹാജരായിരുന്നില്ല. ഇഡി സമന്‍സ് ലഭിച്ചില്ലെന്നായിരുന്നു അദ്ദേഹം ആദ്യം പറഞ്ഞതെങ്കിലും പിന്നീട് തനിക്ക് ഉച്ചയ്ക്കു ശേഷം ഇ മെയിലായി നോട്ടീസ് ലഭിച്ചെന്ന് വ്യക്തമാക്കുകയായിരുന്നു. എങ്കിലും ഇഎംഎസ് അക്കാദമിയില്‍ മൂന്ന് ക്ലാസുകളുണ്ടെന്നും അതുകൊണ്ട് ഇഡിക്ക് മുമ്പാകെ ഹാജരാകാൻ പറ്റില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചിരുന്നു. മാത്രമല്ല
ഇഡിയുടെ ഇടപെടൽ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും എല്ലാ ഏജൻസികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നതെന്നും ആൻ അദ്ദേഹം ആരോപിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു നീക്കം തനിക്കെതിരെ നടത്തുന്നതിന് പിന്നിൽ ഇഡിക്ക് പല താത്പര്യവുമുണ്ടായിരിക്കുമെന്നും അതിനെ ആ രീതിയിൽ തന്നെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞിരുന്നു.
ഇഡിയുടെ നോട്ടീസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനു കുരുക്കായത് കിഫ്‌ബിയിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ മൊഴിയാണ്. കേന്ദ്രാനുമതിയില്ലാതെ മസാല ബോണ്ടിറക്കി വിദേശ ഫണ്ടു സ്വീകരിച്ചതിന് കിഫ്‌ബിക്കെതിരേ കേസെടുത്ത ഇ.ഡി. നേരത്തെ കിഫ്‌ബി സി.ഇ.ഒ., ഡപ്യൂട്ടി സി.ഇ.ഒ. എന്നിവരോട് വിശദീകരണം ചോദിച്ചിരുന്നു. കിഫ്‌ബിക്കെതിരായ സി.എ.ജി. റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് കേസെടുത്തത്. അന്വേഷണത്തിൽ ക്രമക്കേട് നടന്നെന്നാണ് ഇ.ഡിയുടെ വിലയിരുത്തല്‍. മന്ത്രിയുടെ അറിവോടെയാണു എല്ലാം ചെയ്‌തിട്ടുള്ളതെന്ന ഉദ്യോഗസ്‌ഥരുടെ മൊഴിയാണ് തോമസ് ഐസക്കിന് കുരുക്കായത്. മാത്രമല്ല മസാല ബോണ്ട് വാങ്ങിച്ചവരുടെ പട്ടിക ഇതുവരെ നല്‍കിയിട്ടില്ല. എന്നാൽ മറ്റു ചില രേഖകള്‍ ഇ.ഡിക്കു കൈമാറിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാണ്. രാഷ്‌ട്രീയ പകപോക്കലായി ഇതിനെ കാണാനാണു സിപിഎം തീരുമാനമെങ്കിലും നിയമോപദേശം തേടിയാകും പാര്‍ട്ടി നിലപാട് എടുക്കുക.
Also Read: ശ്രാവണ മാസത്തിലെ ശേഷിക്കുന്ന ദിവസങ്ങളിൽ ഈ 5 രാശിക്കാർക്ക് ലഭിക്കും ധനമഴ, നിങ്ങളും ഉണ്ടോ!
കിഫ്‌ബിയുടെ 2,150 കോടിയുടെ മസാല ബോണ്ട് ഇടപാടുകള്‍ ഭരണഘടനാ വിരുദ്ധമെന്നു നേരത്തെ സിഎജി റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിനു പിന്നാലെ കിഫ്‌ബിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ തേടി ഇ.ഡി. 2020 നവംബറിൽ റിസര്‍വ് ബാങ്കിനു കത്ത് നല്‍കിയിരുന്നു. മസാല ബോണ്ടുവഴി 2,150 കോടി രൂപ സമാഹരിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങിയിരുന്നോ എന്ന വിവരം ഇഡി. റിസര്‍വ് ബാങ്കിനോട് ആരാഞ്ഞിരുന്നു. കൂടാതെ കിഫ്‌ബിക്കു വേണ്ടി മസാലബോണ്ടില്‍ ആരെല്ലാം നിക്ഷേപിച്ചു, നിക്ഷേപിച്ചവരുടെ വ്യക്‌തി വിവരങ്ങള്‍ തുടങ്ങിയവയും ഇഡി അന്വേഷിക്കുന്നുണ്ട്. മസാല ബോണ്ട് വഴി വിദേശനിക്ഷേപം സ്വീകരിക്കാന്‍ ശ്രമം തുടങ്ങിയ 2019 മാര്‍ച്ച് മുതല്‍ കിഫ്‌ബിയുടെ നീക്കങ്ങള്‍ കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികൾ നിരീക്ഷിക്കുകയായിരുന്നു.രാജ്യത്തിനു പുറത്തു നിന്നു സംസ്‌ഥാനങ്ങള്‍ കടമെടുക്കരുതെന്ന ഭരണഘടനാ അനുച്‌ഛേദത്തിന്റെ ലംഘനമായാണു മസാല ബോണ്ട് വഴി കിഫ്‌ബി പണം സമാഹരിച്ചതിലൂടെ നടന്നതെന്നു സി.എ.ജി. റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...