പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിച്ച് വിശ്വാസി സമൂഹം. ഹിജ്റ കലണ്ടർ പ്രകാരം റബീഉല്‍ അവ്വല്‍മാസം പന്ത്രണ്ടിനാണ് പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം. അതായത് ഈ വർഷം സെപ്തംബർ 28 ന് ആണ് നബി ദിനം. കേരളത്തില്‍ നബി ദിനത്തിന് പൊതു അവധിയാണ്. എഡി 571ല്‍ മക്കയില്‍ ജനിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ 1497ആം ജന്മദിനമാണ് വിശ്വാസി സമൂഹം ആഘോഷിക്കുന്നത്.
നബി ദിനത്തിൽ വിവിധ മതസംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഖുറാന്‍ പാരായണം, ഇസ്ലാമിക കലാ പരിപാടികള്‍, നബി ചരിത്ര വിവരണം, പ്രകീര്‍ത്തനം, മത പ്രഭാഷണം, അന്നദാനം, സക്കാത്ത്, ഘോഷയാത്രകള്‍ തുടങ്ങിയ പരിപാടികളോടെയാണ് വിശ്വാസി സമൂഹം നബി ദിനം ആഘോഷിക്കുന്നത്.
റബിഉല്‍ അവ്വല്‍ മാസത്തിലെ പന്ത്രണ്ടാം ദിവസമാണ് സുന്നികള്‍ നബി ദിനം ആഘോഷിക്കുന്നത്. അതേസമയം, ഷിയാ വിഭാഗം റബിഉൽ അവ്വൽ മാസത്തിലെ പതിനേഴാം ദിവസമാണ് നബി ദിനം ആഘോഷിക്കുന്നത്. കേരളത്തില്‍ സുന്നി വിഭാഗക്കാർ വലിയ പ്രാധാന്യത്തോടെയാണ് നബിദിനം ആഘോഷിക്കുന്നത്.
നബി ദിനം: ആശംസകൾ നേർന്ന് മുഖ്യമന്ത്രി
നബി ദിന ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നതെന്ന് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ 'സാഹോദര്യവും സമത്വവും ഒത്തുചേരുന്ന വിശ്വമാനവികതയാണ് മുഹമ്മദ് നബിയുടെ സന്ദേശങ്ങൾ ഉയർത്തുന്നത്. അതു മറ്റുള്ളവരിലേക്ക് പകരാനും പരസ്പര സ്‌നേഹത്തോടെ ഒത്തുചേർന്ന് ആഘോഷിക്കാനും നബിസ്മരണ ഉണരുന്ന ഈ ദിനത്തിൽ നമുക്ക് സാധിക്കട്ടെ. ഏവർക്കും ഹൃദയപൂർവ്വം നബിദിനാശംസകൾ നേരുന്നു'.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...