മുംബൈ: എലത്തൂരിൽ ട്രെയിനിൽ തീ വെച്ച സംഭവത്തിൽ പോലീസ് പ്രതി ഷാരൂഖ് സെയ്ഫിയെ കുടുക്കിയത് അതി വിദഗ്ധമായി. ഈ കേസിലും പോലീസിനെ അതിന് സഹായിച്ചത് പ്രതിയുടെ മൊബൈൽ ഫോണാണ്. സംഭവത്തിന് പിന്നാലെ ഷാരൂഖ് തൻറെ ഫോൺ ഓഫാക്കി.
ഇത് അന്വേഷണത്തിന് പ്രശ്നമുണ്ടാക്കി. എന്നാൽ രത്‌നഗിരിയിലെ ആശുപത്രിയിൽ ചികിത്സക്കായി ഷാരൂഖ് എത്തിയതും ഫോൺ ഓണാക്കി. സദാ നിരീക്ഷണത്തിലിരുന്ന ഫോൺ ടവർ ലൊക്കേഷനിൽ വന്നതോടെ പോലീസ് ട്രാക്കിംഗ് ആരംഭിച്ചു. ഇതോടെ പ്രതി രത്നഗിരിയിലുണ്ടെന്ന് മനസ്സിലായി.
തൊട്ട് പിന്നാലെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തേക്ക് പറന്നെത്തി. എങ്ങിനയോ സംഭവം മണത്തറിഞ്ഞ ഷാരൂഖ് ട്രെയിനിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും പിടി വീണിരുന്നു.
ഷഹീന്‍ബാഗ് സ്വദേശിയാണ് ഇയാൾ. അമ്മയാണ് ഷാരൂഖിന്റെ ചിത്രം തിരിച്ചറിഞ്ഞത്.ഇയാളെ കാണാനില്ലെന്നു കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസിൽ പ്രതിയെക്കുറിച്ച് ആദ്യ സൂചനകൾ ലഭിച്ചപ്പോൾത്തന്നെ ഡൽഹി പോലീസ് ഇവരുടെ വീട്ടിൽ പോയി അന്വേഷണം നടത്തിയിരുന്നു.
നിലവിൽ കേരളത്തിൽ നിന്നുള്ള പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിജിപി തന്നെയാണ് സംഘത്തിനെ തീരുമാനിച്ചത്. നിലവിൽ മഹാരാഷ്ട്ര എടിഎസും, എൻഐഎയും പ്രതിയെ ചോദ്യം ചെയ്തു കഴിഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ രാത്രി ഒമ്പതരയോടെയാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ നാല് പേരുടെ നില ഇപ്പോഴും ഗുരുതരമാണ്. യാത്രക്കാർക്ക് നേരെ പെട്രോൾ ഒഴിച്ച ശേഷം അക്രമി തീയിടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...