ഫ്രാങ്കോ മുളയ്ക്കല്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.   

Last Updated : Sep 22, 2018, 03:09 PM IST
ഫ്രാങ്കോ മുളയ്ക്കല്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

കോട്ടയം: കന്യാസ്ത്രീക്കെതിരായ പീഡന പരാതിയില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രണ്ട് ദിവസത്തെ പെലീസ് കസ്റ്റഡിയില്‍ വിട്ടു. പാല മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷയില്‍ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. 

മൂന്ന് ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയില്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടത്.  തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30ന് വീണ്ടും കോടതിയില്‍ ഹാജരാക്കണം. ജൂണ്‍ 17ന് നല്‍കിയ പരാതിയില്‍ 84 മത്തെ ദിവസമായ ഇന്നലെയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

വൈക്കം ഡിവൈഎസ്പി സുഭാഷിന്‍റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിനൊടുവില്‍ ബിഷപ്പിനോട് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് കോട്ടയം പൊലീസ് ക്ലബിലെത്തിച്ച് രാത്രിയും ചോദ്യം ചെയ്യാനും പിറ്റേന്ന് പാലാ മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കാനുമായിരുന്നു പൊലീസിന്‍റെ പദ്ധതി. 

എന്നാല്‍, യാത്രയ്ക്കിടെ ബിഷപ്പിന് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുകയായിരുന്നു. തൃപ്പൂണിത്തുറ ജനറല്‍ ആശുപത്രിയില്‍ വച്ചു നടന്ന പ്രാഥമിക പരിശോധനയ്ക്കിടെ ബിഷപ്പിന് ഇസിജി പരിശോധന നടത്തുകയും ഇതില്‍ വ്യതിയാനങ്ങള്‍ കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ ഇത് സാരമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ യാത്ര തുടരുന്നതിനിടെ, അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി സുഭാഷിനോട് തനിക്ക് നെഞ്ച് വേദനയുണ്ടെന്നും ഇസിജിയില്‍ വ്യതിയാനമുണ്ടെന്നും അറിയിച്ചതോടെ വാഹനവ്യൂഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചുവിടാന്‍ ഡിവൈഎസ്പി നിര്‍ദേശിക്കുകയായിരുന്നു. 

തുടര്‍ന്ന് ഫ്രാങ്കോയെ ആറ് മണിക്കൂര്‍ തീവ്രപിരചരണ വിഭാഗത്തില്‍ വിദഗ്ധ പരിശോധന നടത്തിയ ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്. ആരോഗ്യനിലയില്‍ കാര്യമായ പ്രശ്നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കുകയായിരുന്നു.

Trending News