ആലപ്പുഴ: അത്ഭുതദ്വീപിലെ ജടരാജകുമാരനെയും ഓഡിനറിയിലെ ദാസപ്പനെയും മലയാളികൾ അത്രവേഗം മറക്കാനിടയില്ല. റാവുത്തറിനും സ്രാങ്കിനും കോട്ടുമുക്രിക്കുമൊപ്പം വിയറ്റ്നാം കോളനിയിലും ഈ നടനുണ്ടായിരുന്നു. അത്തരത്തിൽ ഒട്ടേറെ സിനിമകളിൽ ചെറുതും ശ്രദ്ധേയവുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അറുമുഖൻ ഇന്നും തിരക്കിലാണ്. പക്ഷേ ക്യാമറക്ക് മുന്നിലല്ല, ആലപ്പുഴയുടെ തെരുവോരത്താണ് എന്ന് മാത്രം.
ആലപ്പുഴ നഗരത്തിലെ മുല്ലയ്ക്കൽ സീറോ ജംഗ്ഷനിലെ വഴിയോരക്കടയിൽ രാവിലെ 9 മണിയോടെ അറുമുഖൻ എത്തും. കടതുറന്ന് ചെരുപ്പുകളും ബാഗുകളും തുന്നാൻ ഇരിക്കും. പുത്തൻ കുടകൾ വാങ്ങി വരുന്നവർ പേരെഴുതാൻ നേരെയെത്തുക അറുമുഖന്റെ അടുത്തായിരിക്കും. അത്രയേറെ പ്രശസ്തനാണ് ആലപ്പുഴക്കാർക്ക് അറുമുഖൻ.
Read Also: Mangaluru Blast Case: മംഗളൂരു സ്ഫോടനക്കേസ്: പ്രതി വ്യാജ ഐഡിയിൽ മധുരയിൽ തങ്ങിയതായി റിപ്പോർട്ട്
നഗരത്തിൽ 'വിയറ്റ്നാം കോളനി'യുടെ ഷൂട്ടിംഗ് നടക്കുന്നതറിഞ്ഞ് മോഹൻലാലിനെ കാണാൻ പോയതായിരുന്നു അറുമുഖൻ. വീട്ടിൽ തിരിച്ചെത്തിയത് സിനിമാനടനായി. അതായിരുന്നു ആദ്യ വഴിത്തിരിവ്. പിന്നീടങ്ങോട്ട് മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി ഇരുപത്തിയഞ്ചോളം സിനിമകൾ. കഷ്ടപ്പാടിന്റെ കൊടുമുടികൾ താണ്ടുമ്പോഴും സിനിമയെ അയാൾ നെഞ്ചോട് ചേർത്തുവച്ചു.
പഠിക്കുന്ന കാലത്ത് സ്‌കൂളിലും കോളേജിലുമൊക്കെ കൊച്ച് കലാകാരൻ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കുറച്ചു നാൾ മുൻപ് ഇദ്ദേഹം നായകനായി എത്തിയ സിനിമ തീയറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും നിരൂപക പ്രശംസ നേടിയിരുന്നു.
തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂളിലെ പത്താം ക്ലാസുകാരി ആര്യയും അഞ്ചാം ക്ലാസുകാരി ആഗ്രയും ഭാര്യ രാധികയും ഉൾപ്പെടുന്നതാണ് അറുമുഖന്റെ കുടുംബം. തന്റെ ഉയരക്കുറവിനെ കളിയാക്കിയവർക്ക് മുന്നിലൂടെ തലയുയർത്തി പിടിച്ച് തന്നെയാണ് ഈ കലാകാരന്റെ യാത്ര. ഒരുപിടി സ്വപ്‌നങ്ങൾ ചേർത്ത് പിടിച്ചുകൊണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...