തൃശൂര്‍: പോലീസ് സേനയിലെ സേവനം കഴിഞ്ഞ് മരണമടയുന്ന നായകൾക്കായുള്ള അന്ത്യവിശ്രമ കേന്ദ്രം തൃശ്ശൂരിലെ കേരളപോലീസ് അക്കാദമിയില്‍ തുടങ്ങി. ഇതിന്റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നടത്തി.
ഇത് ഏഷ്യയിലെതന്നെ ആദ്യ സംരംഭമാണ്. പ്രത്യേകം തയ്യാറാക്കിയ കല്ലറകളില്‍ ഡിജിപി പുഷ്പങ്ങൾ സമർപ്പിച്ചു. ചടങ്ങിൽ കേരളപോലീസ് അക്കാദമി പരിശീലനവിഭാഗം ഐ.ജി പി വിജയന്‍ പങ്കെടുത്തു.
ഈ പുതിയ സംവിധാനം പൊലീസ് നായ്ക്കളുടെ (Police Dog) വിശ്രമകേന്ദ്രമായ വിശ്രാന്തിയോട് ചേര്‍ന്നാണ്. ഇവിടെ പൊലീസ് സര്‍വ്വീസിലെ നായ്ക്കളുടെ ത്യാഗങ്ങള്‍, നേട്ടങ്ങള്‍, മികച്ച ഇടപെടലുകള്‍ എന്നിവ പ്രത്യേകം രേഖപ്പെടുത്തി സൂക്ഷിക്കും ഒപ്പം മനോഹരമായ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
Also Read: ബോംബ് കണ്ടെത്താൻ കേരളാ പൊലീസിനൊപ്പം ഇനി മെലനോയ്സും ബീഗിളും
സേവന കാലാവധി പൂര്‍ത്തിയാക്കുന്ന പോലീസ് ശ്വാനന്മാര്‍ക്ക് വിശ്രമ ജീവിതത്തിനായി കേരളാ പോലീസ് അക്കാദമിയില്‍ വിശ്രാന്തി എന്ന പേരില്‍ റിട്ടയര്‍മെന്റ് ഹോം നിലവിലുണ്ട്. സര്‍വ്വീസ് പൂര്‍ത്തിയാക്കിയ നായ്ക്കള്‍ക്ക് ജീവിതാന്ത്യംവരെ ഇവിടെ വിശ്രമിക്കാനും പരിചരണത്തിനും സൗകര്യപ്രദമായ രീതിയിലുള്ള വിശ്രമസ്ഥലമാണ് വിശ്രാന്തി.
വിശ്രാന്തി ആരംഭിച്ചത് 2019 മെയ് 29 നാണ് ഇപ്പോൾ ഇവിടെ 18 നായ്ക്കള്‍ ഉണ്ട്. കൂടാതെ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനവും ശ്രദ്ധയും ഇവിടെ ആവശ്യത്തിന് ലഭ്യമാക്കുന്നുമുണ്ട്.
Also Read: പൊലീസ് നായകള്‍ക്ക് കൂട്ട സ്ഥലമാറ്റം; പ്രതിഷേധവുമായി ബിജെപി!!
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സമീകൃത ആഹാരമാണ് നല്‍കുന്നത്. പ്രായം, ആരോഗ്യ പ്രകൃതി, തൂക്കം എന്നിവയ്ക്കനുസരിച്ച് പ്രത്യേകം പ്രത്യേകം ഭക്ഷണം നല്‍കുന്നു. ഇതിനെല്ലാത്തിനും പുറമെ നായ്ക്കള്‍ക്കായി (Police Dog) നീന്തല്‍ക്കുളം, കളിസ്ഥലം, ടി.വി കാണാനുള്ള സംവിധാനം എന്നിവയും വിശ്രാന്തിയില്‍ ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...